വിപഞ്ചിക  NEWS MALAYALAM 24x7
KERALA

വിപഞ്ചികയുടെ മരണം: കേസ് ക്രൈംബ്രാഞ്ചിന്; അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും

കേസിൽ രാജ്യാന്തര അന്വേഷണം ആവശ്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

കൊല്ലം സ്വദേശി വിപഞ്ചികയുടെ മരണം സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസിൽ രാജ്യാന്തര അന്വേഷണം ആവശ്യമാണെന്ന കണ്ടെത്തലിനെ തുടർന്നാണ് തീരുമാനം. അന്വേഷണ സംഘത്തെ ഉടൻ തീരുമാനിക്കും. ആത്മഹത്യയും കൊലപാതകവും നടന്നത് വിദേശത്ത് ആയതിനാലാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ജൂലൈ എട്ടിനാണ് വിപഞ്ചികയെയും മകൾ വൈഭവിയെയും ഷാർജയിലെ അൽ നഹ്ദയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പിന്നാലെ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. സ്ത്രീധനത്തിൻ്റെ പേരില്‍ തന്നെ കൊല്ലാക്കൊല ചെയ്തുവെന്നും, ഗര്‍ഭിണിയായിരുന്ന സമയത്ത് കഴുത്തില്‍ ബെല്‍റ്റ് മുറുക്കി വലിച്ചുവെന്നും കുറിപ്പില്‍ പറയുന്നുണ്ട്. മരണത്തിന് ഉത്തരവാദികള്‍ ഭര്‍ത്താവ് നിധീഷും ഭര്‍തൃ പിതാവും ഭര്‍തൃ സഹോദരിയുമാണെന്നും വിപഞ്ചിക ആത്മഹത്യക്കുറിപ്പില്‍ കുറിച്ചിട്ടുണ്ട്.

ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു വിപഞ്ചിക. ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറാണ് വിപഞ്ചികയുടെ ഭര്‍ത്താവ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഇരുവരും ഒരു വര്‍ഷമായി പിണങ്ങി കഴിയുകയായിരുന്നു.

വിവാഹത്തിന് മുൻപ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായി. 2022 മുതൽ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അതിന് സാധിച്ചിരുന്നില്ല. വിവാഹ സമയത്ത് വീട്ടുകാർ സ്വർണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നൽകിയിരുന്നു. അതിൽ നിന്നും സ്വന്തം വിദ്യാഭ്യാസ ലോണിൻ്റെ തുക അടക്കാൻ പറഞ്ഞത് തർക്കത്തിലേക്ക് നയിക്കുകയായിരുന്നു.

SCROLL FOR NEXT