KERALA

നവകേരള സർവേയ്ക്ക് അനുവദിച്ചത് 20 കോടി, ചെലവായത് 13 കോടി; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നൽകി സര്‍ക്കാര്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: നവകേരള സർവേയ്ക്ക് വേണ്ടി ചെലവിട്ട തുകയുടെ കണക്ക് സുപ്രീം കോടതിയിൽ നൽകി സംസ്ഥാന സർക്കാർ. 13 കോടി രൂപയാണ് സർവേയ്ക്കായി ചെലവായത്. ബ്രോഷറിന് മാത്രം 5.54 കോടി രൂപ ചെലവായി. കത്തിന് ഒരു കോടി രൂപയും വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപയും ചെലവായെന്നും സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കി. 20 കോടി രൂപയായിരുന്നു സർവേയ്ക്കുവേണ്ടി അനുവദിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സർവേ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. മാത്രമല്ല നവകേരള സർവേ ധൂർത്താണെന്നും പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നതാണെന്നും ആരോപിച്ച് സുപ്രീം കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു.

എന്നാൽ, ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്ന് അറിയുന്നതിനായി സർക്കാർ സർവേ നടത്തുന്നതിൽ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നൽകാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ കോടതിയിൽ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നൽകിയത്.

SCROLL FOR NEXT