കൊച്ചി: പൊറോട്ടയ്ക്കൊപ്പം ഇത്തിരി ചാറ് കൂടി ചോദിച്ചിടത്തു നിന്നായിരുന്നു ഷിബുവിന്‍റെ നിയമ പോരാട്ടം തുടങ്ങിയത്. പൊറോട്ടയും, ബീഫ് ഫ്രൈയും വാങ്ങിയപ്പോൾ ചാറ് നൽകാതിരുന്നതിനെതിരെയാണ് എറണാകുളം സ്വദേശിയായ എസ്. ഷിബു ഉപഭോക്തൃ തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.
പൊറോട്ടയ്ക്കൊപ്പം ചാറ് നൽകാൻ ഹോട്ടലുടമയ്ക്ക് ബാധ്യതയില്ലെന്ന് വിലയിരുത്തി പരാതി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ തള്ളുകയായിരുന്നു. ഇതിലാണ് സംസ്ഥാന കമ്മീഷൻ്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്. പരാതി വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ജില്ലാ കമ്മിഷനോട് നിർദേശിച്ചു.
ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ്റെ നടപടി തെറ്റായി പോയെന്നും സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ പ്രസിഡൻ്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാറും, അംഗം കെ.ആർ. രാധാകൃഷ്ണനും അടങ്ങിയ ബെഞ്ച് വിലയിരുത്തി. ഇതോടെ കേസിന് വീണ്ടും ജീവൻ വച്ചു.
2024 നവംബർ 9-ന് കോലഞ്ചേരിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പരാതിക്കാരന് ചാറ് നിഷേധിച്ചത്. പൊറോട്ടയും ബീഫ് ഫ്രൈയും വാങ്ങിയെങ്കിലും ഗ്രേവി നൽകിയില്ല. ഇതേതുടർന്ന് ഷിബുവിൻ്റെ പരാതിയിൽ താലൂക്ക് സപ്ലൈ ഓഫീസർ ഹോട്ടലിൽ പരിശോധന നടത്തി ചാറ് നൽകാറില്ലെന്നത് സ്ഥിരീകരിച്ചു. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.
ജില്ലാ ഉപഭോക്തൃ കമ്മിഷനും ഇതേ നിലപാടാണ് സ്വീകരിച്ചത്. കട്ടിയുള്ള പൊറോട്ട പോലുള്ള ഭക്ഷണത്തിനൊപ്പം ചാറ് നൽകണോ വേണ്ടയോ എന്നത് തെളിവുകളുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കണമെന്ന് സംസ്ഥാന കമ്മീഷൻ നിർദേശിച്ചു. പരാതിക്കാരനോട് ജൂലായ് 8-ന് ജില്ലാ കമ്മിഷൻ മുൻപാകെ ഹാജരാകാനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.