തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ച നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് വിചാരണ തുടങ്ങും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് നടപടികൾ ആരംഭിക്കുന്നത്. സംഭവത്തിന് ശേഷം പതിനൊന്ന് വർഷം പിന്നിടുമ്പോഴാണ് കേസിൽ വിചാരണ നടക്കുന്നത്.
വിചാരണയുടെ ആദ്യദിനം കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ പി.ഡി ശാരംഗധരനെ കോടതി വിസ്‌തരിക്കും. വി. ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി ജലീൽ, മുൻ എംഎൽഎമാരായ കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.
2015 മാർച്ച് 13ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുകയും നിയമസഭയിൽ 2.2 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തുകയും ചെയ്തെന്നാണ് കേസ്. കേസിനെതിരെ പിണറായി സർക്കാർ സുപ്രീംകോടതി വരെ പോയെങ്കിലും ആവശ്യം തള്ളുകയായിരുന്നു.
യുഡിഎഫ് എംഎൽഎമാരായിരുന്ന കെ. ശിവദാസൻ നായർ, ഡൊമനിക് പ്രസൻ്റേഷൻ, എം.എ. വാഹിദ്, എ.ടി. ജോർജ് എന്നിവർക്കെതിരെ ഇടതു വനിതാ എംഎൽഎമാർ നൽകിയ കേസ് ഹൈക്കോടതി തള്ളിയിരുന്നു. ഗീതാ ഗോപി, ജമീലാ പ്രകാശം, കെ.കെ. ലതിക എന്നിവരായിരുന്നു പരാതിക്കാർ. വിചാരണ നടപടികൾക്ക് മുന്നോടിയായി അഡ്വ. സന്തോഷ് കുമാറിനെ യുഡിഎഫ് സർക്കാർ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരുന്നു.