വിഎസ് Source : Facebook
KERALA

വിഎസ് എന്ന അണയാത്ത സമരവീര്യം; ഓർമയിൽ കരുത്തുറ്റ നേതാവ്

ഉറച്ച് തീരുമാനങ്ങളുടെ കരുത്തുറ്റ നേതാവ്.

Author : ശാലിനി രഘുനന്ദനൻ

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൻ്റെ സമര ചരിത്രമെന്ന വിശേഷണം വിഎസിനേക്കാൾ ചേരുന്ന മറ്റൊരാളുണ്ടോ? ആരാധകരാകട്ടെ കക്ഷിരാഷ്ട്രീയ ഭേദമെനന്യേ നിരവധി. കേരളത്തിൻ്റെ മുഖ്യമന്ത്രി എന്നതിനേക്കാൾ ഒരു പക്ഷേ ജനങ്ങൾക്ക് പ്രിയം കരുത്തനായ പ്രതിപക്ഷ നേതാവിനെയാകും.

എപ്പോഴും പ്രതിപക്ഷ സ്വരമുള്ള ഒറ്റയാന്‍. അനീതിക്കും അഴിമതിക്കുമെതിരായ സമര മുഖങ്ങളിൽ വിഎസ് നിന്നപ്പോൾ കേരളം വിഎസിനൊപ്പം നിന്നു. അതോടെ അദ്ദേഹം ജനങ്ങളുടെ പ്രതിപക്ഷമായി മാറി. വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന മനുഷ്യൻ നടന്നവഴികളിൽ പൊട്ടിമുളച്ച സമരങ്ങളേറെയാണ്.

ആ സമരവഴികളിൽ ഒപ്പം നടന്നവരും പിരിഞ്ഞ് പോയവരും ഒരുപോലെ വിഎസിനെ സ്നേഹിച്ചു. സാധാരണ സഖാക്കളുടെ കണ്ണും കരളും, നെഞ്ചിലെ റോസാപ്പൂവുമായി അദ്ദേഹം ജീവിച്ചു മരിച്ചു. വേലിക്കകത്തും പുറത്തും തളരാത്ത പോരാളിയെന്ന് നിരീക്ഷകർ വിഎസിനെ കളിയായും കാര്യമായും വിശേഷിപ്പിച്ചു.

നാലാം വയസില്‍ അമ്മയെയും പതിനൊന്നാം വയസില്‍ അച്ഛനെയും നഷ്ടമായതോടെ ഏഴാം ക്ലാസില്‍ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടര്‍ന്ന് മൂത്ത സഹോദരൻ്റെ തുന്നല്‍ക്കടയില്‍ സഹായിയായും അതിനുശേഷം കയര്‍ ഫാക്ടറിയില്‍ തൊഴിലാളിയായും അധ്വാനവര്‍ഗത്തെ അറിഞ്ഞും ബാല്യകൗമാരങ്ങൾ.

കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളോടൊപ്പം ശക്തിപ്രാപിച്ച സംഘടനാ പ്രവർത്തനം. പുന്നപ്ര വയലാര്‍ പ്രക്ഷോഭത്തിൻ്റെ മുന്‍നിരപ്പോരാളി. സര്‍ സി.പിയുടെ പൊലീസിൻ്റെ കൊടിയ മർദനം പോലെ ആ സമരചരിത്രത്തിന് ചോരയുടെ നിറം പകർന്ന അനുഭവങ്ങളും കുറവല്ല.

1964ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന 32 അംഗങ്ങളില്‍ ഒരാളായിരുന്നു വി.എസ്. അങ്ങിനെ സിപിഐഎമ്മിൻ്റെ സ്ഥാപക നേതാവുമായി.1980 മുതല്‍ 92 വരെ 12 വര്‍ഷം സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി. 1985 മുതല്‍ 2007 വരെ നീണ്ട 22 വര്‍ഷക്കാലം പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം.

മൂന്നു രണ്ടു തവണ പ്രതിപക്ഷ നേതാവ്. 200-2011 ൽ മുഖ്യമന്ത്രി. 2016ൽ ഇടതുമുന്നണി അധികാരത്തിലെത്തിയപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മിഷൻ തുടങ്ങി എല്ലാ പദവികളുംഅലങ്കരിച്ചു. എന്നാൽ ഭരണത്തിനകത്തും പുറത്തും വിസ് നിരന്തരപ്രതിപക്ഷം തന്നെയായിരുന്നു. ആ സ്വരം , വിട്ടുവീഴ്ടയില്ലാത്ത നിലപാടുകൾ, ഒരുഘട്ടത്തിൽ പാർട്ടിയിൽ തന്നെ വിയോജിപ്പുകളും കലഹങ്ങളും ഉയർത്തിയ സാഹചര്യം സൃഷ്ടിച്ചു.

അന്ന് വിഎസിനായി ജനം തെരുവിലിറങ്ങുന്ന കാഴ്ച കേരളം കണ്ടു. സംഘടനയിലെ വിജയം പാർലമെൻ്ററി പ്രവർത്തനത്തിൽ പലപ്പോഴും പ്രതിഫലിച്ചില്ല. തെരഞ്ഞെടുപ്പുകളിൽ വിഎസിന് കാലിടറി. എങ്കിലും പതറാതെ മുന്നോട്ട് തന്നെയായിരുന്നു വിഎസ്.

ഒരായുഷ്കാലം മുഴുവൻ ചോരാത്ത വിപ്ലവവീര്യം പകർന്ന് തന്ന് വിടവാങ്ങിയപ്പോൾ തിരുവനന്തപുരം മുതല്‍ പുന്നപ്ര വരെ കേരളം ആ മനുഷ്യനെ പിന്തുടര്‍ന്നു. ഇനി ഒരു വിഎസ് കേരളത്തിനില്ലെന്ന ബോധ്യത്തോടെയായിരുന്നു തലസ്ഥാനം മുതല്‍ വിലാപയാത്രയ്‌ക്കൊപ്പം ഓരോ മനുഷ്യനും സഞ്ചരിച്ചത്. പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍. നൂറ്റാണ്ടിൻ്റെ പ്രിയ സഖാവിന് വിടചൊല്ലാൻ പാതയോരങ്ങളിൽ പതിനായിരങ്ങൾ അണിനിരന്നു.

ആവേശത്തോടെ മുദ്രാവാക്യം വിളിച്ച് അവർ പ്രിയ നേതാവിനെ യാത്രയാക്കി. വിടപറഞ്ഞ് ഒരാണ്ട് തികയുമ്പൊഴും കേരളത്തിന് വിഎസ് ജ്വലിക്കുന്ന ഓർമയാണ്. ഒരിക്കലും മറക്കാനാകാത്ത കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രം

SCROLL FOR NEXT