കേരള സർവകലാശാല Source: News Malayalam 24x7
KERALA

ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾക്ക് അംഗീകാരമില്ല; തീരുമാനമാകാതെ പിരിഞ്ഞ് കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം; പ്രതിസന്ധിയിൽ വിദ്യാർഥികൾ

അടുത്ത സിൻഡിക്കേറ്റ് യോഗം എന്ന് ചേരുമെന്നുപോലും സർവകലാശാല അധികൃതർ അറിയിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ വിദ്യാർഥികൾ വീണ്ടും പ്രതിസന്ധിയിൽ. ഫിനാൻസ് കമ്മിറ്റി പാസാക്കിയ ബില്ലുകൾക്ക് കഴിഞ്ഞ ദിവസം ചേർന്ന സിൻഡിക്കേറ്റ് യോഗം അംഗീകാരിച്ചില്ല. രണ്ട് മാസം മുമ്പ് സമർപ്പിച്ച പ്രൊപ്പോസലാണ് വിസി പാസാക്കാതിരുന്നത്. 150ലധികം അജണ്ടകളുണ്ടായിരുന്ന യോഗത്തിൽ രജിസ്ട്രാറുടെ സസ്പെൻഷൻ മാത്രമാണ് ചർച്ചയ്ക്കെടുത്തത്. യൂണിയൻ പ്രവർത്തന ഫണ്ട്, ഇൻ്റർ യൂണിവേഴ്സിറ്റി കലോത്സവം എന്നിവയ്ക്കായി വിദ്യാർഥികൾ 33 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഫണ്ട് പാസാക്കാത്തതിനാൽ വിദ്യാർത്ഥി യൂണിയൻ പ്രവർത്തനമടക്കം പ്രതിസന്ധിയിലായി.

അതേസമയം, സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിന്റെ സസ്പെൻഷൻ സിൻഡിക്കേറ്റ് യോഗം റദ്ദാക്കി. യോഗത്തിൽ പങ്കെടുത്ത 22 അംഗങ്ങളിൽ 19 പേരും അനിൽകുമാറിനെ തിരിച്ചെടുക്കണം എന്ന നിർദേശത്തെ പിന്തുണച്ചു. തീരുമാനം അംഗീകരിക്കാൻ തയ്യാറാവാതിരുന്ന വിസി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് വിസി ഡോ.മോഹനൻ കുന്നുമ്മൽ.

കേരള സർവകലാശാല സിൻഡിക്കേറ്റിൽ ചൂടേറിയ ചർച്ചകളും അഭിപ്രായ ' ഭിന്നതയുമാണ് മുന്നിട്ടു നിന്നത്. രണ്ടുമാസത്തിനുശേഷം ചേരുന്ന യോഗത്തിലെ പ്രധാന അജണ്ട റജിസ്ട്രാർ ഡോ കെ.എസ്. അനിൽകുമാറിന്റെ സസ്പെൻഷൻ ആയിരുന്നു. കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടർന്ന് വിസി റജിസ്ട്രാറെ സസ്പെൻഡുചെയ്യുകയായിരുന്നു.

SCROLL FOR NEXT