തെന്നല ബാലകൃഷ്ണപ്പിള്ള, സണ്ണി ജോസഫ്, പിണറായി വിജയൻ  Source: Wikipedia, Facebook
KERALA

ലാളിത്യത്തിന്റെയും നന്മയുടേയും പര്യായം; തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം തീരാനഷ്ടം; അനുശോചിച്ച് നേതാക്കള്‍

വിയോഗത്തില്‍ കെപിസിസി ഔദ്യോഗികമായി രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നുവെന്നും സണ്ണി ജോസഫ് അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപ്പിള്ളയുടെ മരണത്തില്‍ അനുശോചിച്ച് നേതാക്കള്‍. തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും തീരാനഷ്ടവുമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്.

തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും തീരാനഷ്ടവുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ സൗമ്യ നേതൃത്വമായിരുന്നു. ശാന്തതയുടെയും നന്മയുടെയും ലാളിത്യത്തിന്റെയും നന്മയുടെയും വിനയത്തിന്റെയും പര്യായമായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കെപിസിസി ഔദ്യോഗികമായി രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിക്കുന്നുവെന്നും സണ്ണി ജോസഫ് അറിയിച്ചു.

'തെന്നല ബാലകൃഷ്ണപ്പിള്ളയുടെ സേവനം എന്നും കേരളത്തിലെ കോണ്‍ഗ്രസ് നന്ദിയോടെ ഓര്‍ക്കും. അദ്ദേഹത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിലെ പൊതു സ്വീകാര്യതയുള്ള നിര്‍ദേശങ്ങളായിരുന്നു. അദ്ദേഹത്തിന്റെ സൗമ്യഭാവം ഏവരെയും അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. അദ്ദേഹം പ്രശ്‌നങ്ങളില്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും നിസ്വാര്‍ഥതയും എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊതുവില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ്. കുടുംബ സ്വത്ത് വിറ്റ് ആ പണം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയ ആളാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വേദനിക്കുന്ന എല്ലാവരോടും ഒപ്പം ഞാനും പങ്കുചേരുന്നു,' സണ്ണി ജോസഫ് പറഞ്ഞു.

മുഖ്യമന്ത്രി

തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. സര്‍വാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നിരവധി പതിറ്റാണ്ടുകള്‍ കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ സാനിധ്യമായി ഉയര്‍ന്ന് നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

വാര്‍ഡ് പ്രസിഡണ്ട് മുതല്‍ കെപിസിസി പ്രസിഡണ്ട് വരെയുള്ള ചുമതലകള്‍ നിര്‍വഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. സ്വന്തം പാര്‍ട്ടിയിലെ തര്‍ക്കങ്ങളില്‍ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലയ്ക്ക് നല്‍കപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അര്‍ഹനാക്കിയത്. നിയമസഭയിലും രാജ്യസഭയിലും ഏറെ വര്‍ഷങ്ങള്‍ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടതെന്നും മുഖ്യമന്ത്രി അനുശോചിച്ചു.

സഹകാരി എന്ന നിലയില്‍ കേരളത്തിന്റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ സംഭാവന ഗണ്യമാണ്. വ്യക്തി താല്‍പര്യങ്ങള്‍ക്ക് അതീതമായി പൊതു താല്‍പര്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെയ്ക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തല

കത്തിച്ചു വെച്ച നിലവിളക്കുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണം കോണ്‍ഗ്രസിന് ഒരു തീരാനഷ്ടമാണ്. എന്നും കോണ്‍ഗ്രസിന്റെ സൗമ്യമുഖവും നന്മയുമായിരുന്നു അദ്ദേഹമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'രണ്ടു വട്ടം കെപിസിസി അധ്യക്ഷനായി. അദ്ദേഹത്തില്‍ നിന്നാണ് ഞാന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. എന്റെ കാലയളവില്‍ പരിപൂര്‍ണ പിന്തുണയാണ് അദ്ദേഹം നല്‍കിയത്. കോണ്‍ഗ്രസിന്റെ കലുഷിതമായ കാലങ്ങളില്‍ എല്ലാവര്‍ക്കും അംഗീകരിക്കാന്‍ പറ്റുന്ന പേരുകളിലൊന്നായി അദ്ദേഹം എന്നുമുണ്ടായിരുന്നു. മുതിര്‍ന്ന ജ്യേഷ്ഠസഹോദരനെപ്പോലെ എന്നും ഏതുപദേശത്തിനും സമീപിക്കാവുന്ന ഒരാളായിരുന്നു അദ്ദേഹം. നിയമസഭാംഗവും രാജ്യസഭാംഗവും ഒക്കെ ആയിരിക്കുമ്പോഴും പാര്‍ലമെന്റി താല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ പാര്‍ട്ടിയായിരുന്നു അദ്ദേഹത്തിന്റെ രക്തത്തില്‍. വലിയ ഭൂവുടമ ആയി ജനിച്ച് അതു വിറ്റഴിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയ ഒരാള്‍. അതു പോലുള്ള മനുഷ്യര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വമായിരിക്കണം. പ്രിയപ്പെട്ട തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികള്‍'', രമേശ് ചെന്നിത്തല കുറിച്ചു.

കെ. മുരളീധരന്‍

തെന്നല ബാലകൃഷ്ണപ്പിള്ളയുടെ നിര്യാണം കോണ്‍ഗ്രസിന് തീരാ നഷ്ടമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാര്‍ട്ടി ഏല്‍പ്പിച്ച അല്ല ദൗത്യവും പൂര്‍ത്തിയാക്കി. പാര്‍ട്ടി തീരുമാനങ്ങള്‍ ഒരു വിസമ്മതവും കൂടാതെ അനുസരിച്ചു. ഒരു പ്രയാസവും കാണിച്ചില്ല. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും അനുസരിച്ച നേതാവായിരുന്നു. പാര്‍ട്ടിക്ക് കനത്ത ആഘാതമാണ് അദ്ദേഹത്തിന്റെ നിര്യാണമെന്ന് കെ മുരളീധരന്‍ പറഞ്ഞു.

എം.എം. ഹസ്സന്‍

അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു തെന്നല ബാലകൃഷ്ണ പിള്ളയെന്ന് എം.എം. ഹസ്സന്‍. കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്. കോണ്‍ഗ്രസിന് ദീര്‍ഘകാലം നേതൃത്വം നല്‍കി. അധികാരസ്ഥാനങ്ങളെ കൂടുതല്‍ ആദര്‍ശങ്ങളെ മുറുകെപ്പിടിച്ചു. തെന്നല കമ്മിറ്റി എന്നുള്ളത് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഒരു പ്രയോഗമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഒരു പക്ഷത്തെയും പിന്തുണയ്ക്കാതെ നിന്നു. കെ കരുണാകാരന്റെ വിശ്വസ്തനായിരുന്നു. അധ്യക്ഷ സ്ഥാനത്ത് നിന്ന് തെന്നല ബാലകൃഷ്ണനെ പെട്ടന്ന് മാറ്റുകയുണ്ടായി. അപ്പോഴും ഒരു പരിഭവവും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ സൗമ്യ മുഖം എന്നും എം.എം. ഹസ്സന്‍ പറഞ്ഞു.

വി. ശിവന്‍കുട്ടി

സൗമ്യ മുഖമായിരുന്നുവെന്ന് വി ശിവന്‍കുട്ടി അനുസ്മരിച്ചു. തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്നു.

SCROLL FOR NEXT