തിരുവനന്തപുരം: കാര്യവട്ടം ക്യാംപസിലെ സംസ്കൃത വിഭാഗം മേധാവി സി.എൻ. വിജയകുമാരിക്ക് എതിരെ മുൻപും പാരതികൾ. സംസ്കൃത വിഭാഗം ഗവേഷക വിദ്യാർഥികൾക്ക് മുൻ എച്ച്ഒഡി അനുവദിച്ച റൂം വിജയകുമാരി തിരിച്ച് ചോദിച്ചത് മുതലാണ് പ്രശ്നം ആരംഭിച്ചത്. റും തിരിച്ച് നൽകിയില്ലെങ്കിൽ മാർക്കിനെ പോലും ബാധിക്കുമെന്ന് ടീച്ചർ പരോക്ഷമായി ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഗവേഷക വിദ്യാർഥികൾ രജിസ്ട്രാർക്ക് നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.
"ഡോക്ടറൽ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ പിഎച്ച്ഡി കോഴ്സ് വർക്ക് എക്സാമുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് എച്ച്ഒഡിയെ കാണാൻ എത്തുന്ന മറ്റ് സെന്ററുകളിലെ ഗവേഷക വിദ്യാർഥികൾക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ട്. പിഎസ്‌സി അഭിമുഖങ്ങളിൽ എക്സ്പേർട്ട് ആയി പങ്കെടുക്കാറുള്ള ടീച്ചർ - പിഎസ്‌സി പരീക്ഷകളിൽ അരമാർക്കും പോലും റാങ്കിനെ ബാധിക്കുമെന്നും മറ്റും പരോക്ഷമായി പറഞ്ഞ് ഞങ്ങളെ ഭയപ്പെടുത്തുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഗവേഷകർക്ക് മുൻ എച്ച്ഒഡി അനുവദിച്ച മുറി ഞങ്ങൾക്ക് തിരികെ നൽകാനുള്ള നിർദേശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു", പരാതിയിൽ പറയുന്നത് ഇങ്ങനെ.
അതേസമയം, കേരള സർവകലാശാല സെനറ്റ് യോഗത്തിൽ വിജയകുമാരിയെ ന്യായീകരിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ രംഗത്തെത്തി. വിജയകുമാരി ടീച്ചറുടെ വീട്ടിൽ ഭക്ഷണം വിളമ്പിക്കൊടുക്കുന്നത് ഒരു ദളിത് വ്യക്തിയാണ്. ടീച്ചർക്കെതിരെയുള്ള വ്യാജ പരാതിയുടെ പേരിലാണ് സെനറ്റ് യോഗത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതിഷേധിക്കുന്നത്. സംഘടിതമായ ആക്രമണമാണ് അധ്യാപികക്കെതിരെ നടക്കുന്നതെന്നും ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ പറഞ്ഞു.