സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം Source: News Malayalam 24x7
KERALA

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ ഡോക്ടർമാരില്ല; ചികിത്സയും പഠനവും മുടങ്ങി, പ്രതിസന്ധി രൂക്ഷം

ക്ലാസെടുക്കാൻ പോലും അധ്യാപകർ ഇല്ലാത്ത സ്ഥിതിയാണ് പല മെഡിക്കൽ കോളേജുകളിലും ഉള്ളത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം. ക്ലാസെടുക്കാൻ പോലും അധ്യാപകർ ഇല്ലാത്ത സ്ഥിതിയാണ് പല മെഡിക്കൽ കോളേജുകളിലും ഉള്ളത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ പരിശോധന സമയത്ത് കാസർഗോഡ്, വയനാട് മെഡിക്കൽ കോളേജുകളിലേക്ക് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് ഡോക്ടർമാരെ മാറ്റി നിയമിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് ആക്കം കൂട്ടിയതെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ട്.

കാസർഗോഡ്, വയനാട് മെഡിക്കൽ കോളജുകൾക്ക് അനുമതി ലഭിക്കില്ലെന്ന് വന്നതോടെയാണ് മറ്റു മെഡിക്കൽ കോളേജുകളിൽ നിന്ന് 62 ഡോക്ടർമാരെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് താൽക്കാലികമായി മാറ്റി നിയമിച്ചത്.. രണ്ടുതവണയായി കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 31 പേരെയാണ് മാറ്റിയത്.

നിലവിലുള്ള മെഡിക്കൽ കോളേജുകളിലെ ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, സൈക്ക്യാട്രി, ജനറൽ സർജറി, ഫിസിയോളജി കമ്മ്യൂണിറ്റി മെഡിസിൻ, ഫാർമക്കോളജി, അനസ്തേഷ്യ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരെയാണ് സ്ഥലം മാറ്റിയത്. ഇവിടങ്ങളിൽ ചികിത്സ മുടങ്ങുക മാത്രമല്ല വിദ്യാർഥികളുടെ പഠനം മുടങ്ങുന്ന അവസ്ഥയും നിലവിലുണ്ട്.

മെഡിക്കൽ കമ്മീഷൻ പരിശോധന കഴിഞ്ഞ് റിപ്പോർട്ട് തയ്യാറായിട്ടും താൽക്കാലികമായി സ്ഥലംമാറ്റിയവരെ തിരികെ അവരവരുടെ മെഡിക്കൽ കോളേജുകളിലേക്ക് അയയ്ക്കാത്തതിനെതിരെ മെഡിക്കൽ കോളേജ് അധ്യാപക സംഘടന പ്രതിഷേധമുയർത്തുകയാണ്.

നിലവിൽ സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ എൻട്രി കേഡറിൽ തന്നെ ഡോക്ടർമാരുടെ ഒഴിവുകൾ നിരവധിയുണ്ട്. അതേസമയം ഈ സർക്കാർ വന്നശേഷം 270 പോസ്റ്റുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ആരോഗ്യവകുപ്പിൻ്റെ അവകാശ വാദം. എന്നാൽ സീനിയർ റെസിഡൻസ് തസ്തികയിലാണ് കൂടുതൽ നിയമനങ്ങൾ എന്ന് ഡോക്ടർമാർ ഖണ്ഡിക്കുന്നു. അവർക്ക് സ്ഥലംമാറ്റം പോലും ഉണ്ടാകാറില്ല, അങ്ങനെയെങ്കിൽ പുതിയ നിയമനമായി എങ്ങനെ കണക്കാക്കും എന്നുള്ളതാണ് ചോദ്യം.

മതിയായ അധ്യാപകരും സൗകര്യങ്ങളും ഇല്ലാത്തതിനാൽ കഴിഞ്ഞ തവണ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് 5 ലക്ഷം രൂപ വീതവും മറ്റു മെഡിക്കൽ കോളേജുകൾക്ക് മൂന്നലക്ഷം രൂപ വീതവും നാഷണൽ മെഡിക്കൽ കമ്മീഷൻ പിഴ ഈടാക്കിയിരുന്നു.

SCROLL FOR NEXT