Source: News Malayalam 24x7
KERALA

അൻസിബയുടെ പരാതിയിൽ കഴമ്പുണ്ട്, 'അമ്മ'യിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നു: നടൻ കൃഷ്ണ

സംഘടനയിൽ സുതാര്യതയില്ലെന്നും കാര്യമായി എന്തോ സംഭവിക്കുന്നുണ്ടെന്നും കൃഷ്ണ...

Author : ന്യൂസ് ഡെസ്ക്

കൊച്ചി: 'അമ്മ' സംഘടനയിലെ പ്രശ്നങ്ങളിൽ പൊട്ടിത്തെറിച്ച് നടൻ കൃഷ്ണ. സംഘടനയിൽ സുതാര്യതയില്ലെന്നും കാര്യമായി എന്തോ സംഭവിക്കുന്നുണ്ടെന്നും കൃഷ്ണ ന്യൂസ് മലയാളത്തോട് പറഞ്ഞു. 'അമ്മ'യിൽ എന്താണ് നടക്കുന്നതെന്ന് ആരും അറിയുന്നില്ല. അൻസിബയുടെ പരാതിയിൽ കഴമ്പുണ്ടെന്നും 'അമ്മ'യിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടെന്നും കൃഷ്ണ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇതിൻ്റെയെല്ലാം സത്യാവസ്ഥ പുറത്തുവരണമെന്നും കൃഷ്ണ പറഞ്ഞു.

അതേസമയം, 'അമ്മ'യിലെ പൊട്ടിത്തെറിക്ക് പിന്നിൽ സാമ്പത്തിക തട്ടിപ്പെന്ന് സൂചന. കുടുംബമേളയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിൽ വൻ തുക വെട്ടിപ്പ് നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഗീത പരിപാടിയുടെ പേരിലും വെട്ടിപ്പ് നടന്നെന്ന് ആക്ഷേപമുണ്ട്. കാറ്ററിങ്ങിന്റെ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് മറ്റൊരു ആരോപണം.

കുടുംബമേളയിൽ സൗണ്ട് സിസ്റ്റത്തിൻ്റെ കരാർ എടുത്തിരുന്നത് എക്സിക്യൂട്ടീവ് അംഗത്തിൻ്റെ ഭർത്താവായിരുന്നു. അയാൾ കൺസൾട്ടേഷന് പോലും പണം വാങ്ങിയിരുന്നു. ഇതിനെതിരെ ഒരു വിഭാഗം രംഗത്ത് വന്നു. കാറ്ററിങ്ങിന് കഴിഞ്ഞ തവണ നൽകിയവർക്കായിരുന്നില്ല ഇത്തവണ കരാർ നൽകിയത്. ആ പേരിൽ അഞ്ച് ലക്ഷം രൂപ തട്ടി. സംഗീത പരിപാടി കഴിഞ്ഞ വർഷം നാല് ലക്ഷം രൂപയ്ക്ക് ആയിരുന്നു നടത്തിയിരുന്നത്, എന്നാൽ ഇത്തവണ അത് 11 ലക്ഷമായി. ഈ സാമ്പത്തിക തട്ടിപ്പുകളിലെല്ലാം എക്സിക്യൂട്ടീവ് അംഗത്തിനും പങ്കുണ്ടെന്നും അംഗം പണം തട്ടിയതായും ആരോപണമുണ്ട്.

അതോടൊപ്പം തെരഞ്ഞെടുപ്പ് സമയത്ത് യുവാക്കളെ വോട്ട് ചെയ്യിക്കുന്നതിനായി കേന്ദ്ര സർക്കാരിൻ്റെ ക്യാംപയിൻ ആരംഭിച്ചിരുന്നു. ആ ക്യാംപയിൻ ഏറ്റെടുത്തത് 'അമ്മ'യിലെ ഒന്നോ രണ്ടോ എക്സിക്യൂട്ടീവ് അംഗങ്ങൾ ചേർന്നായിരുന്നു. തട്ടിക്കൂട്ട് കമ്പനിയുണ്ടാക്കിയാണ് ഇത്തരത്തിൽ ക്യാംപയിൻ ഏറ്റെടുത്തതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പണം പോലും തട്ടിയെടുത്തെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് ചേരിയിലാണ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ളത്.

SCROLL FOR NEXT