കെ സ്മാർട്ട്  Source: Ksmart website
KERALA

കെ-സ്‌മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ ഇല്ല; വയനാട്ടിലെ പട്ടിക വർ​ഗ ഉന്നതികളിലുള്ളവർ പ്രതിസന്ധിയിൽ

ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് കെ സ്മാർട്ട്.

Author : ന്യൂസ് ഡെസ്ക്

കെ- സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ ഫോൺ ഇല്ലാത്തതിനാൽ വയനാട്ടിലെ പട്ടിക വർ​ഗ ഉന്നതികളിലുള്ളവരുടെ സർക്കാർ സേവനങ്ങൾ മുടങ്ങി. തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ കെ- സ്മാർട്ട് മുഖേനെ ഓൺലൈൻ വഴിയാക്കിയതോടെയാണ് ആധാർ ലിങ്ക് ചെയ്ത സിമ്മുള്ള ഫോൺ നിർബന്ധമായത്. ഇതോടെ പെൻഷൻ, ജനന മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകൾ തുടങ്ങിയവക്ക് അപേക്ഷിക്കാൻ കഴിയാതെയായി. ന​ഗര പ്രദേശങ്ങളിൽ കെ സ്മാർട്ട് നടപ്പാക്കുമ്പോൾ എസ്‌ടി വിഭാ​ഗങ്ങൾ കൂടുതൽ താമസിക്കുന്ന ​ഗ്രാമ മേഖലകളിലെ പ്രശ്നങ്ങൾക്ക് സർക്കാർ പരിഹാരം കാണണമെന്നാണ് ആവശ്യമുയരുന്നത്.

ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍ മുതല്‍ വസ്തു നികുതിയും, കെട്ടിട നിര്‍മാണ പെര്‍മിറ്റും വരെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ സേവനങ്ങൾ ഓണ്‍ലൈനായി ലഭ്യമാക്കുന്ന ഏകീകൃത പ്ലാറ്റ്‌ഫോമാണ് കെ സ്മാർട്ട്. ഈ വർഷം ജനുവരി ഒന്നിനാണ് സംസ്ഥാനത്ത് കെ സ്മാർട്ട് നിലവിൽ വന്നത്. ഏപ്രിൽ പത്തോടെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കി. സർക്കാർ സേവനങ്ങൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്നതും ചുരുങ്ങിയ സമയത്തിനുള്ളിൽ സേവനം ലഭിക്കുമെന്നതുമായിരുന്നു പ്രത്യേകത. ചുവപ്പു നാട ഇല്ലാതായതും ലോകത്തിൻ്റെ എവിടെ നിന്നും സേവനങ്ങൾ നേടാമെന്നതും സവിശേഷതയാണ്.

കെ സ്മാർട്ട് നിലവിൽ വന്നതോടെ തദ്ദേശ സ്ഥാപനങ്ങളിൽ അപേക്ഷയും പരാതിയും സ്വീകരിക്കുന്നത് പൂർണമായും നിർത്തി. അക്ഷയ സെൻ്ററുകൾ മുഖേനെയോ കെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി നേരിട്ടോ അപേക്ഷ സമർപ്പിക്കാം. ന​ഗര പ്രദേശങ്ങളിൽ പദ്ധതി വിജയമാണെങ്കിലും പട്ടിക വർ​ഗ വിഭാ​ഗങ്ങൾ താമസിക്കുന്ന ഉന്നതികളിലെ അവസ്ഥ ഇതല്ല. കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനാൽ പെൻഷനടക്കമുള്ള സർക്കാർ സേവനങ്ങൾ മുടങ്ങി. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ വരട്ടിയാൽകുന്ന് ഉന്നതിയിലെ അമ്മിണിക്കും വെള്ളച്ചിക്കും പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി.

കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട് വസ്തിക്കുന്ന് ഉന്നതിയിലുള്ളവർക്കും സമാന അനുഭവങ്ങളാണ്. അപേക്ഷ നൽകാൻ അക്ഷയ സെൻ്ററിൽ പോയാൽ ആധാർ ലിങ്ക് ചെയ്ത സിമ്മുള്ള ഫോൺ വേണമെന്ന് പറയും. ഇതോടെ അപേക്ഷ നൽകാതെ തിരിച്ച് പോരേണ്ട അവസ്ഥയാണ്.

ആധാർ ലിങ്ക് ചെയ്തുള്ള ഫോൺ ഇല്ലാത്തതാണ് കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിന് കാരണം. കെ സ്മാർട്ടിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി വഴിയാണ് സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുക. അന്നത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന ഇവർക്ക് പുതിയ ഫോൺ വാങ്ങുകയെന്നതും അപ്രാപ്യമായ കാര്യമാണ്. സ്വന്തം ഫോണിലും ഒന്നിൽ കൂടുതൽ സിമ്മെടുത്തും ജനപ്രതിനിധികൾ ചിലർക്ക് രജിസ്ട്രേഷൻ നടത്തിക്കൊടുത്തെങ്കിലും എത്ര പേർക്ക് ഇങ്ങനെ ചെയ്ത് കൊടുക്കാൻ പറ്റുമെന്നാണ് അവരും ചോദിക്കുന്നത്.

അക്ഷയ സെൻ്ററുകളിൽ ഫീസ് കൊടുത്ത് സേവനങ്ങൾ തേടുന്നതിന് പകരം പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് സംവിധാനത്തിലൂടെ പരാതി നൽകാനുള്ള അവസരമുണ്ടാകണമെന്നും പട്ടിക വർ​ഗ വിഭാ​ഗങ്ങൾ കൂടുതലായുള്ള ​ഗ്രാമ പ്രദേശങ്ങളിൽ സർക്കാർ ബദൽ സംവിധാനം ഒരുക്കണമെന്നുമാണ് ആവശ്യമുയരുന്നത്.

സ്‌മാർട്ടാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെങ്കിലും അതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നടപ്പിലായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് ഈ മനുഷ്യർ. സുതാര്യമായ സേവനവും, അർഹിക്കുന്ന അവകാശങ്ങളും ലഭിക്കുന്നതിനാണ് നിലവിൽ പ്രതിസന്ധി. സർക്കാർ ഇടപെട്ടാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരം കാണാനാകൂ.

SCROLL FOR NEXT