കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് തീരാദുരിതം. പകൽ മുഴുവൻ ആശുപത്രി പരിസരത്ത് ഇരിക്കുന്ന ഇവർ രാത്രിയിൽ തല ചായ്ക്കാൻ ഒരിടം തേടി അലയേണ്ട അവസ്ഥയിലാണ്. തെരുവുനായ ശല്യം രൂക്ഷമായ പ്രദേശത്ത്, ഭീതിയിൽ ഉറങ്ങാൻ പോലും കഴിയാറില്ലെന്ന് കൂട്ടിരിപ്പുകാർ പറയുന്നു.
രാത്രി എട്ടുമണികഴിഞ്ഞാൽ മെഡിക്കൽ കോളേജ് മുറ്റം കിടക്കപായകൾ കൊണ്ട് നിറയും. ഒഴിഞ്ഞ സ്ഥലങ്ങളിലൊക്കെ പായയും ഷീറ്റുകളും വിരിച്ച് കിടന്നുറങ്ങാനുള്ളയിടം ബുക്ക് ചെയ്യാൻ ഓടുകയാണ് രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാർ.
"രോഗികൾക്കൊപ്പം വാർഡിൽ ഒരാളെയാണ് കൂട്ടിരിപ്പിനായി അനുവദിക്കുക, ഒപ്പമുള്ള മറ്റുള്ളവരെ ആശുപത്രി പരിഗണിക്കുന്നേയില്ല. വരാന്തയിൽ കിടക്കാമെന്ന് കരുതിയാൽ അതും നടക്കില്ല. അവിടെ മുഴുവൻ രോഗികളാണ്. പിന്നെ പുറത്ത് അരമതിലിലും ഒഴിഞ്ഞ സ്ഥലങ്ങളിലുമൊക്കെ കിടന്ന് നേരം വെളുപ്പിക്കുകയേ രക്ഷയുള്ളൂ," കൂട്ടിരിപ്പുകാരിൽ ഒരാൾ ന്യൂസ് മലയാളത്തോട് പറഞ്ഞു.
മരത്തണലിലും, മരുന്ന് നൽകുന്ന സ്ഥലത്തും, മഞ്ഞും, മഴയും കൊണ്ട്, കൊതുകു കടിയേറ്റ് ദുരിതരാത്രികള്‍ തള്ളിനീക്കുകയാണ് ഇവർ. മെഡിക്കൽ കോളേജിന് തൊട്ടടുത്തുള്ള കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയില്‍ എത്തുന്ന കൂട്ടിരിപ്പുകാരുടെയും നില ഇതൊക്കെ തന്നെയാണ്. കോഴിക്കോട് മെഡിക്കൽ കോളജിലെ കൂട്ടിരിപ്പുകാർ അത്രയേറെ ദുരിതം അനുഭവിച്ചാണ് ഒരു രാത്രി കഴിച്ചു കൂട്ടുന്നത്. രോഗികൾക്കൊപ്പം കൂട്ടിരിപ്പുകാർക്ക് കൂടി സൗകര്യങ്ങൾ ലഭ്യമാക്കേണ്ടതുണ്ട് എന്നതിന് തെളിവാണ് ന്യൂസ് മലയാളം പകർത്തിയ ദൃശ്യങ്ങൾ.