ശബരിമല Source: Wikkimedia
KERALA

‌സ്വർണപ്പാളികൾ തിരികെ സ്ഥാപിക്കുന്ന ചടങ്ങ്: തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കി; ക്ഷണിച്ചിട്ടില്ലെന്ന് മുൻ തിരുവാഭരണ കമ്മീഷണർ

തിരുവാഭരണ കമ്മീഷണർ എന്ന നിലയിൽ ഇളക്കുമ്പോഴും തിരികെ സ്ഥാപിക്കുമ്പോഴും താൻ അറിഞ്ഞിരിക്കണമെന്നും ആർ.ജി. രാധാകൃഷ്ണൻ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ തിരികെ സ്ഥാപിക്കുന്ന ചടങ്ങിൽ നിന്ന് തിരുവാഭരണ കമ്മീഷണറെ ഒഴിവാക്കി. കമ്മീഷണറെ ഒഴിവാക്കിയതിൽ ദുരൂഹതയെന്ന് ആക്ഷേപം. ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മുൻ തിരുവാഭരണ കമ്മീഷണർ ആർ.ജി. രാധാകൃഷ്ണൻ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഒഴിവാക്കിയതിൽ പല കാരണങ്ങൾ ഉണ്ടാകാം. തിരുവാഭരണ കമ്മീഷണർ എന്ന നിലയിൽ ഇളക്കുമ്പോഴും തിരികെ സ്ഥാപിക്കുമ്പോഴും താൻ അറിഞ്ഞിരിക്കണമെന്നും ആർ.ജി. രാധാകൃഷ്ണൻ പ്രതികരിച്ചു.

അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം വിജിലൻസ് നാളെ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ദ്വാരപാലക ശിൽപ്പപാളി ചെമ്പെന്ന് രേഖപ്പെടുത്തിയ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. ദേവസ്വം വിജിലൻസ് സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കും. ഇവരുടെ പെൻഷൻ അടക്കം തടഞ്ഞുവെക്കാൻ ആണ് ആലോചന.

അതിനിടെ ശബരിമല സ്വർണ മോഷണത്തിൽ തുടർച്ചയായ മൂന്നാം ദിവസവും നിയമസഭ സ്തംഭിപ്പിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. ചോദ്യോത്തര വേളയിൽ തന്നെ ശബരിമല വിഷയം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം. വിഷയം ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായിട്ടും പ്രതിപക്ഷം സന്നദ്ധമാകാത്തത് ചൂണ്ടിക്കാട്ടിയാകും ഭരണപക്ഷത്തിൻ്റെ പ്രതിരോധം.

തുടർച്ചയായി സഭാ നടപടികൾ തടസപ്പെടുന്ന പശ്ചാത്തലത്തിൽ സ്പീക്കർ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. സഭാ നടപടികളുമായി സഹകരിക്കണമെന്ന് പ്രതിപക്ഷത്തോട് സ്പീക്കർ ആവശ്യപ്പെടും. ഒപ്പം നോട്ടീസ് നൽകിയാൽ സ്വർണപ്പാളി വിവാദം സഭയിൽ ചർച്ച ചെയ്യാമെന്ന് അറിയിക്കും. എന്നാൽ യുഡിഎഫ് അംഗങ്ങൾ ആവശ്യം അംഗീകരിക്കില്ലെന്നാണ് വിവരം. ദേവസ്വം മന്ത്രിയും ​ബോർഡ് പ്രസിഡൻ്റും രാജി വയ്ക്കും വരെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

SCROLL FOR NEXT