പ്രതി മരണ സുബിൻ  
KERALA

സ്പായിലെ കൂട്ട ബലാത്സം​ഗക്കേസിൽ വഴിത്തിരിവ്; നടന്നത് ഗുണ്ടാ പിരിവ് അല്ല, മറ്റൊരു സ്പായുടെ ക്വട്ടേഷനെന്ന് ഉടമ ന്യൂസ്‌ മലയാളത്തോട്

അക്രമികൾ എത്തിയശേഷം ക്വട്ടേഷൻ ആണെന്ന് പറഞ്ഞതായും സ്പാ ഉടമ

Author : ലിൻ്റു ഗീത

പത്തനംതിട്ട: തിരുവല്ലയിൽ സ്പാ ജീവനക്കാരിയെ കൂട്ട ബലാത്സംഗം ചെയ്തതെന്ന കേസിൽ വൻ വഴിത്തിരിവ്. നടന്നത് ഗുണ്ടാ പിരിവ് അല്ലെന്നും മറ്റൊരു സ്പായുടെ ക്വട്ടേഷനെന്നും സ്പാ ഉടമ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. അക്രമികൾ എത്തിയശേഷം ക്വട്ടേഷൻ ആണെന്ന് പറഞ്ഞു. തങ്ങളുടെ സ്പായിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണം പിരിച്ചിട്ടില്ലെന്നും സ്പാ ഉടമ പറഞ്ഞു. സ്പാകളിൽ നിന്നും പൊലീസ് ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തുന്നതായുള്ള ആരോപണത്തിൽ സേനയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് സ്പാ ഉടമയുടെ വെളിപ്പെടുത്തൽ.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. ഗുണ്ടാ പിരിവ് ചോദിച്ച് സ്പായിൽ എത്തിയതാണ് മരണ സുബിൻ ഉൾപ്പെടെ ആറ് പേർ. 50,000 രൂപ പിരിവ് ആവശ്യപ്പെട്ടു. ഇത് നൽകാനാവില്ല എന്ന് ജീവനക്കാരി അറിയിച്ചതിന് പിന്നാലെ സുബിൻ ജീവനക്കാരിയെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗത്തിന് ഇരയാക്കി. ഇതിന്‍റെ ദൃശ്യങ്ങളും മൊബൈലിൽ ചിത്രീകരിച്ചു. ഈ സമയം സ്പായിൽ എത്തിയ മറ്റൊരു യുവതിയെ ഭീഷണിപ്പെടുത്തുകയും പണം അപഹരിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയും എന്നും പ്രതികൾ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി.

കേസിൽ കഴിഞ്ഞ ദിവസം രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു. മരണ സുബിൻ എന്ന് വിളിക്കുന്ന സുബിൻ അലക്സാണ്ടർ, തിരുവല്ല സ്വദേശി ബെർലിൻ ദാസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മരണ സുബിനെ കുറ്റപ്പുഴയിലെ വീട്ടിൽ നിന്ന് പിടികൂടുന്നതിനിടെയാണ് സുബിന്‍റെ വളർത്തുന്ന നായകൾ പൊലീസിനെ ആക്രമിച്ചു. സംഭവത്തിൽ എസ്ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനുമാണ് പരിക്കേറ്റത്. ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്ക് വേണ്ടി അന്വേഷണം തുടങ്ങി. ഒന്നാം തീയതി നടന്ന സംഭവത്തിൽ മൂന്നാം തീയതിയാണ് പൊലീസ് കേസ് എടുത്തത്.

SCROLL FOR NEXT