തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. രണ്ട് കേസുകളിൽ 28 മണിക്കൂറാണ് ജാമ്യം.
ജൂലൈ 13ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. പൊലീസിനെ ആക്രമിച്ച കേസിലാണ് ആർ. സുഗതന് ജാമ്യം ലഭിച്ചത്. കാപ്പാ കേസിൽ ജാമ്യം ഇല്ലാത്തതിനാൽ സത്യപ്രജിഞ്ജ അനിശ്ചിതത്വത്തിലാണ്.
കാപ്പാ കേസിൽ കൂടി ഇളവ് ലഭിച്ചാൽ മാത്രമേ സത്യപ്രതിജ്ഞക്കായി പുറത്തിറങ്ങാൻ കഴിയൂ. ഇതോടെ തുലാസിലായിരിക്കുകയാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഭൂരിപക്ഷം.
സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വട്ടിയൂർക്കാവ് പൊലീസിൻ്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ സുഗതൻ.