തിരുവനന്തപുരം: ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എൻ.ശക്തന്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ആണ് തീരുമാനം അറിയിച്ചത്. പാലോട് രവി അധ്യക്ഷ സ്ഥാനം രാജി വെച്ചതിനു പിന്നാലെയാണ് തീരുമാനം.
മുന്‍ സ്പീക്കറും കാട്ടാക്കട മുൻ എംഎൽഎയുമാണ് ശക്തൻ.1982ൽ കോവളം മണ്ഡലത്തിൽനിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്. 2001, 2006 കാലഘട്ടത്തിൽ നേമത്ത് നിന്ന് വിജയിച്ച് എംഎല്‍എ ആയി. 2011ല്‍ കാട്ടാക്കടയില്‍ നിന്നാണ് മത്സരിച്ചത്. 2004-2006 കാലഘട്ടത്തില്‍ ഗതാഗത മന്ത്രിയായിരുന്നു.
കാഞ്ഞിരംകുളം മരപ്പാലത്താണ് ജനനം. യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ബിരുദവും കേരള സർവകലാശാലയില്‍ നിന്ന് ബിരുദാനന്തരബിരുദവും സ്വന്തമാക്കി. നിയമ ബിരുദധാരിയായ ശക്തന്‍ വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് വരുന്നത്.
ശബ്ദ സന്ദേശ വിവാദങ്ങള്‍ക്ക് പിന്നാലെ ഇന്നലെയാണ് ഡിസിസി പ്രസിഡന്റ് പാലോട് രവിയുടെ രാജി കെപിസിസി ഔദ്യോഗികമായി അംഗീകരിച്ചത്. മൂന്ന് മാസം മുൻപ്, വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ. ജലീലുമായി നടത്തിയ സംഭാഷണം പുറത്തുവന്നതായിരുന്നു കാരണം.
'കോൺഗ്രസ് എടുക്കാ ചരക്ക് ആയി മാറുകയാണ്, ഇങ്ങനെ പോയാൽ പാർട്ടി ഉച്ചിയും കുത്തി വീഴും, മൂന്നാമതും മാർക്സിസ്റ്റ് ഭരണം തുടരും...," പുറത്തുവന്ന പാലോട് രവിയുടെ ഈ ശബ്ദ രേഖയാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ജില്ലയിലെ കാര്യം മാത്രമായിരുന്നില്ല, മറിച്ച് സംസ്ഥാന നേതൃത്വത്തെ കൂടി പഴിചാരുന്ന തരത്തിൽ ആയിരുന്നു പാലോട് രവിയുടെ വാക്കുകൾ എന്നാണ് വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ കൂടിയാണ് എഐസിസി റിപ്പോർട്ട് ആവശ്യപ്പെട്ട ഉടനെ തന്നെ രാജി കൂടി സമർപ്പിക്കാൻ കെപിസിസി നേതൃത്വം പാലോട് രവിയോട് ആവശ്യപ്പെട്ടതും രാജി ചോദിച്ചു വാങ്ങി അംഗീകരിച്ചതും. പകരം ഒരാൾക്കു പോലും ചുമതല നൽകാതെയാണ് ഡിസിസി അധ്യക്ഷന്റെ രാജി അംഗീകരിച്ച് വാർത്താക്കുറിപ്പ് ഇറക്കിയത്.