ഡിഎംഇ വിശ്വനാഥൻ മാധ്യമങ്ങളെ കാണുന്നു Source: News Malayalam 24x7
KERALA

ആവശ്യ ഉപകരണങ്ങളില്ലെന്ന വാദം തെറ്റ്, വകുപ്പ് മേധാവിയുടെ പോസ്റ്റ് സംവിധാനത്തെ നാണം കെടുത്താൻ: മെഡിക്കൽ കോളേജ് ഡിഎംഇ വിശ്വനാഥൻ

യൂറോളജി മേധാവിയോട് വിശദീകരണം തേടുമെന്നും ഡിഎംഇ വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലെന്ന യൂറോളജി വകുപ്പ് മേധാവിയുടെ അവകാശവാദങ്ങൾ തള്ളി മെഡിക്കൽ കോളേജ് ഡിഎംഇ വിശ്വനാഥൻ. പറഞ്ഞതൊക്കെ തെറ്റാണെന്നും കഴിഞ്ഞ നാല് വർഷമായി കോടികൾ വിലമതിക്കുന്ന ഉപകരണങ്ങൾ യൂറോളജി ഡിപ്പാർട്ട്മെന്റ് മാത്രമായി വന്നിട്ടുണ്ടെന്നും വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു. യൂറോളജി മേധാവിയോട് വിശദീകരണം തേടുമെന്നും ഡിഎംഇ വ്യക്തമാക്കി.

പോസ്റ്റ് തികച്ചും തെറ്റാണെന്നാണ് ഡിഎംഇ വിശ്വനാഥൻ്റെ പക്ഷം. യൂറോളജി വകുപ്പ് മേധാവിയുടേത് വൈകാരികമായ പ്രതികരണമാണെന്ന് ഡിഎംഇ പറയുന്നു. വേറൊരു മേധാവിയും ഇത്തരത്തിൽ പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം ചോദിച്ചു. ഇന്നലെ നടക്കേണ്ട നാല് ശാസ്ത്രക്രിയകളിൽ മൂന്നും നടന്നിട്ടുണ്ട്. ഒരു ശസ്ത്രക്രിയ മാത്രമാണ് മാറ്റിയതെന്ന് പറഞ്ഞ ഡിഎംഇ, ഉപകരണത്തിന്റെ തകരാർ കാരണമാണ് ശസ്ത്രക്രിയ മാറ്റിയതെന്നും കൂട്ടിച്ചേർത്തു.

സംവിധാനത്തെ നാണം കെടുത്താൻ വേണ്ടിയാണ് ഹാരിസ് ചിറക്കലിൻ്റെ ഫേസ്ബുക്ക് പോസ്റ്റെന്നും ഡിഎംഇ വിമർശനമുന്നയിച്ചു.  വിഷയം ആരോഗ്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.  യൂറോളജി മേധാവിയുടെ ഉടൻ വിശദീകരണം ചോദിക്കും. ഫോണിൽ അദ്ദേഹത്തെ ലഭ്യമല്ല.  നടപടി ഉണ്ടാകുമെന്നും ഡിഎംഇ അറിയിച്ചു.

ഇന്നലെ ശസ്ത്രക്രിയക്കാവശ്യമായ പ്രോബ് കേടായതിനെ തുടർന്നാണ് ശസ്ത്രക്രിയ മാറ്റി വയ്ക്കേണ്ടി വന്നതെന്ന് ഡിഎംഇ പറയുന്നു.  23 കാരന്റെ ശസ്ത്രക്രിയയാണ് മാറ്റി വയ്ക്കേണ്ടി വന്നത്. വിഷയത്തിൽ വകുപ്പ് മേധാവി സൂപ്രണ്ടുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

എച്ച്ഒഡിമാർ തരുന്ന ഓർഡർ പ്രകാരമാണ് ഉപകരണങ്ങൾ വാങ്ങുന്നതെന്ന് ഡിഎംഇ വ്യക്തമാക്കുന്നു."ജൂണിൽ നൽകിയിട്ടുള്ള പർച്ചേസ് ഓർഡർ അനുസരിച്ചുള്ള ഉപകരണങ്ങൾ എത്തിയിട്ടില്ല. ഓർഡർ കൊടുത്ത് 4-5 ദിവസത്തിനുള്ളിൽ ഉപകരണങ്ങൾ എത്തും. ഓപ്പറേഷന്റെ രണ്ട് ദിവസം മുൻപാണ് സാധാരണ ലിസ്റ്റ് തരാറ്.ഏപ്രിലാണ് യൂറോളജി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ലിസ്റ്റ് തന്നത്" ഡിഎംഇ മാധ്യമങ്ങളോട് പറഞ്ഞു.

മെഡിക്കൽ കോളേജ് അനാസ്ഥ പരിഹരിക്കാൻ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നാണ് വകുപ്പ് മേധാവി ഫേസ്ബുക്കിൽ കുറിച്ചത്. ഉപകരണങ്ങൾ എത്തിക്കാൻ പല ഓഫീസുകളിലായി കയറി ഇറങ്ങി മടുത്തു. പിരിച്ചുവിട്ടാലും കുഴപ്പമില്ല എന്നും വകുപ്പ് മേധാവി ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.

ചികിത്സ ലഭിക്കാതെ പോയ യുവാവിനെക്കുറിച്ചും ഹാരിസ് ചിറക്കൽ കുറിച്ചിരുന്നു. "മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആകുകയോ ഉപകരണം വാങ്ങി തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്" ഹാരിസ് ചിറക്കൽ പറയുന്നു. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഈ കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് കുറിച്ച ഹാരിസ്, ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത വരെയുണ്ടെന്നും തുറന്നെഴുതി.

SCROLL FOR NEXT