തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ഉപകരണങ്ങളില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഉപകരണങ്ങൾക്ക് ക്ഷാമം ഉണ്ടെന്ന് ഡോ. ഹാരിസ് ആവർത്തിച്ചു. ശസ്ത്രക്രിയകൾ നേരത്തെയും മുടങ്ങിയിട്ടുണ്ടെന്നും അധികാരികളെ വിവരം അറിയിച്ചിരുന്നതായും ഹാരിസ് ചിറയ്ക്കൽ വ്യക്തമാക്കി.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സെക്രട്ടറിയെ കണ്ട് ഒരു വർഷം മുമ്പ് ഇക്കാര്യങ്ങളെല്ലാം പറഞ്ഞതാണെന്ന് ഡോ. ഹാരിസ് ചിറയ്ക്കല്‍ പറഞ്ഞു. ഉദ്യോഗസ്ഥർ മന്ത്രിയെ അറിയിക്കുന്നുണ്ടാവില്ല. മറ്റ് വകുപ്പ് മേധാവികൾക്ക് ഭയമുള്ളതുകൊണ്ടാണ് കാര്യങ്ങളൊന്നും പുറത്തു പറയാത്തത്. തനിക്കും ഭയം ഉണ്ടായിരുന്നു. രോഗികളുടെ ബുദ്ധിമുട്ട് കണ്ടപ്പോഴാണ് തുറന്നുപറയാൻ തയ്യാറായത്. ഓഗസ്റ്റ് വരെ രോഗികൾ വെയ്റ്റിങ് ലിസ്റ്റിലാണെന്നും അപേക്ഷിച്ചും ഇരന്നും മടുത്തുവെന്നും ഡോ. ഹാരിസ് അറിയിച്ചു.
കഴിഞ്ഞ ദിവസത്തെ തന്റെ ഫേസ്ബുക്ക് പോസ്റ്റിന് രാഷ്ട്രീയ ഉദ്ദേശ്യമില്ലെന്നും എന്ത് അന്വേഷണം വന്നാലും സഹകരിക്കുമെന്നും ഹാരിസ് ചിറയ്ക്കല്‍ വ്യക്തമാക്കി. വിവാദമുണ്ടാക്കണം എന്ന് കരുതി ഇട്ട പോസ്റ്റ് അല്ല. ഒരു പോസ്റ്റിട്ട് മുങ്ങി എന്ന് പറയാതിരിക്കാൻ വേണ്ടിയാണ് മാധ്യമങ്ങളെ കാണുന്നത്. ഉപകരണം ഇല്ലാത്തതിന്റെ അവസ്ഥയെക്കുറിച്ച് എല്ലാവർക്കും അറിയാവുന്നതാണ്. എല്ലാ വിഭാഗങ്ങളിലും ഉപകരണത്തിന്റെ ക്ഷാമമുണ്ട്. വിശദീകരണം ചോദിച്ചാൽ കൃത്യമായ മറുപടി നൽകും. ഉപകരണ ക്ഷാമം പറയുമ്പോൾ ഡോക്ടർമാരെ അപഹസിക്കുന്നു. ആശുപത്രി അധികൃതർ പ്രശ്നം മറച്ചുവെക്കുന്നുവെന്നും കേസിൽ കുടുക്കുമോ എന്ന് ഭയമുണ്ടെന്നും ഡോ. ഹാരിസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ഹാരിസ് ചിറയ്ക്കല്‍ മെഡിക്കൽ കോളേജിലെ അനാസ്ഥയെക്കുറിച്ച് തുറന്നെഴുതിയത്. ഉപകരണങ്ങൾ ഇല്ലാതെ ശസ്ത്രക്രിയകൾ മാറ്റേണ്ടി വരുന്നുവെന്നും ഡോക്ടർമാർ സമ്മർദത്തിലാണെന്നുമായിരുന്നു കുറിപ്പ്. വിവാദമായതോടെ ഡോക്ടർ പോസ്റ്റ് പിൻവലിച്ചു. മെഡിക്കൽ കോളേജിലെ അനാസ്ഥ പരിഹരിക്കാൻ രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ച് മടുത്തുവെന്നാണ് വകുപ്പ് മേധാവി ഫേസ്ബുക്കിൽ കുറിച്ചത്. ഉപകരണങ്ങൾ എത്തിക്കാൻ പല ഓഫീസുകളിലായി കയറി ഇറങ്ങി മടുത്തു. പിരിച്ചുവിട്ടാലും കുഴപ്പമില്ല എന്നും വകുപ്പ് മേധാവി ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.