തിരുവനന്തപുരം: മെഡിക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്ടർക്ക് സസ്പെൻഷൻ. സംഭവത്തിൽ ഡിപ്പാർട്ട്മെൻ്റിന് വീഴ്ച പറ്റിയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗിയുടെ കാലിലെ മുറിവിൽ ഈച്ച മുട്ടയിട്ടാണ് പുഴുക്കളുണ്ടായതെന്ന് റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
രോഗി പരിചരണത്തിലുണ്ടായ വീഴ്ചയെ തുടർന്നാണ് ഡ്യൂട്ടി ഡോക്ടറെ സസ്പെൻഡ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചുദിവസം ഡ്രസ്സിങ് ചെയ്തില്ലെന്നും ഇതാണ് ഇൻഫക്ഷൻ ഉണ്ടാകാൻ കാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഡ്യൂട്ടിയിലുണ്ടായവർ ബന്ധുക്കളോട് മാന്യമായി പെരുമാറിയില്ലെന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നു.
ഈ മാസം 1നാണ് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടത്തിയ പാരിപ്പള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ കാലിൽ പുഴവരിച്ച നിലയിൽ കണ്ടെത്തിയത്. രോഗിയുടെ മകളുടെ മകൻ ബെഡിൽ നിന്നും രാജേന്ദ്ര പ്രസാദിൻ്റെ കാല് ഉയർത്തി നോക്കിയപ്പോൾ കാലിൽ നിന്നും പുഴുക്കൾ ബെഡിലേക്ക് തുടരെ തുടരെ വീഴുകയായിരുന്നു. ഡോക്ടറെ വിവരം അറിയിച്ചിട്ട് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും കുടുംബം പരാതിപ്പെട്ടു.
കഴിഞ്ഞ മാസം 28ന് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് കൊല്ലം പാരിപ്പിള്ളി സ്വദേശി രാജേന്ദ്ര പ്രസാദിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിച്ചുണ്ടായ അപകടത്തിൽ രാജേന്ദ്രൻ്റെ ഇടതു കാലിന് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ആദ്യം പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.