KERALA

തിരുവനന്തപുരത്ത് സ്‌കൂളില്‍ വൻ തീപിടിത്തം; മൂന്ന് ബസുകള്‍ പൂര്‍ണമായും കത്തി നശിച്ചു; ആരോ മനഃപൂർവം ചെയ്തതെന്ന് അധികൃതര്‍

ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് തീ കത്തിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തില്‍ ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളില്‍ വന്‍ തീപിടിത്തം. മൂന്നു സ്‌കൂള്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. ഒരു ബസ് ഭാഗികമായും കത്തി. സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളാണ് കത്തി നശിച്ചത്.

2.45 ഓടുകൂടിയാണ് തീപിടിത്തം ഉണ്ടായത്. സ്‌കൂളില്‍ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ ആളിക്കത്തുന്നത് കണ്ട് തൊട്ടടുത്ത അയല്‍വാസികളാണ് ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്. കഴക്കൂട്ടം, ചാക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തിയണച്ചത്.

രണ്ട് വലിയ ബസുകളും ഒരു മിനി ബസ്സും പൂര്‍ണമായും കത്തി നശിച്ചു. ഒരു വലിയ ബസ് ഭാഗികമായും കത്തി. തീ പൂര്‍ണ്ണമായും അണക്കാന്‍ കഴിഞ്ഞത് വലിയ അപകടം ഒഴിവാക്കി. അതേസമയം ബസുകള്‍ കത്തിച്ചതാണെന്ന് സ്‌കൂള്‍ അധികൃതരുടെ സംശയം.

വലിയ ബസുകള്‍ എല്ലാം ഒരുമിച്ച് ആയിരുന്നു പാര്‍ക്ക് ചെയ്തിരുന്നത്. ടെമ്പോ ട്രാവലര്‍ മറ്റൊരു സ്ഥലത്തും പാര്‍ക്ക് ചെയ്തിരുന്നു. ടെമ്പോ ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ ശേഷമാണ് തീ കത്തിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

സംഭവത്തില്‍ സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ വ്യക്തമാവുകയുള്ളൂ എന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു.

SCROLL FOR NEXT