തിരുവനന്തപുരം: സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ സന്നദ്ധത അറിയിച്ചതായി സൂചന. നേരത്തെ മന്ത്രിസ്ഥാനം വേണമെന്നാണ് തിരുവഞ്ചൂർ ആവശ്യപ്പെട്ടത്. എന്നാൽ, മന്ത്രിസ്ഥാനം നൽകുന്നത് പ്രായോഗികമല്ലെന്ന് നേതൃത്വം അറിയിച്ചതോടെയാണ് സ്പീക്കർ ആകാൻ സന്നദ്ധത അറിയിച്ചതെന്നാണ് വിവരം.
പാർട്ടി ഏൽപ്പിക്കുന്ന ജോലികൾ വിശ്വസ്തമായി ചെയ്യുകയെന്ന കടമയാണ് ഉള്ളതെന്ന് തിരുവഞ്ചൂർ പറഞ്ഞു. പാർട്ടി ഒന്നും ഏൽപ്പിച്ചില്ലെങ്കിലും പ്രശ്നമില്ല. തീരുമാനം എടുക്കേണ്ടത് പാർട്ടി. ഏതു തീരുമാനമെടുത്താലും പാർട്ടിക്കൊപ്പമെന്നും തിരുവഞ്ചൂർ പറഞ്ഞു.
വി.ഡി. സതീശൻ സർക്കാരിൽ മന്ത്രിമാർ ആരൊക്കെയെന്ന് ഇന്നറിയാം. അന്തിമപട്ടിക രണ്ട് മണിക്ക് ഗവർണർക്ക് കൈമാറും. ധനകാര്യം മുഖ്യമന്ത്രിക്ക് തന്നെയെന്നാണ് സൂചന. ആഭ്യന്തരം രമേശ് ചെന്നിത്തലയ്ക്ക് തന്നെ നൽകുമെന്നാണ് വിവരം. ഇന്നലെ ഇന്ദിരാ ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ കാര്യത്തിൽ തീരുമാനം ആയത്. രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്. എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവർക്ക് പുറമെ എ.പി. അനിൽകുമാറും ബിന്ദു കൃഷ്ണയും കൂടി വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
അതേസമയം, മുസ്ലീം ലീഗിൻ്റെ അഞ്ചാം മന്ത്രിസ്ഥാനത്തിൽ അനിശ്ചിതത്വം. അഞ്ചാം മന്ത്രിയിൽ പുനരാലോചന വേണമെന്ന് ലീഗിനോട് കോൺഗ്രസ് ആവശ്യപ്പെട്ടു. തീരുമാനമെടുക്കാൻ ലീഗ് നേതൃയോഗം ചേരും. അഞ്ച് മന്ത്രിമാരുണ്ടാകും എന്ന് തീരുമാനിച്ച് ഉറപ്പിച്ചായിരുന്നു ഇന്നലെ ലീഗിൻ്റെ നേതൃയോഗം നടന്നത്. ആരൊക്കെ മന്ത്രിസ്ഥാനത്തേക്ക് എത്തണമെന്നതിൽ ഏകദേശ ധാരണ ലീഗിൽ രൂപപ്പെട്ടിരുന്നു.