തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട പരാമർശത്തിൽ സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. സുകുമാരൻ നായർ പറഞ്ഞതിലെല്ലാം അർഥങ്ങളുണ്ട്. അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല സുകുമാരൻ നായരെന്നും, അദ്ദേഹം അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണങ്ങളുണ്ടാകുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.
കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം നീണ്ടതിൽ ലീഗിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. ലീഗ് അടക്കമുള്ള ഘടകകക്ഷികൾ എന്തിന് ഇടപെട്ടെന്നും സുകുമാരൻ നായർ ചോദിച്ചിരുന്നു. ആര് വന്നാലും സ്വീകരിക്കാൻ ഘടകക്ഷികൾ തയ്യാറാകണം. തീരുമാനം വഴിമുട്ടിയത് ഘടക കക്ഷികളുടെ സമ്മർദം മൂലമാണ്. ഇടപെട്ട എല്ലാ ഘടകക്ഷികളും പ്രശ്‌നം വഷളാക്കിയെന്നും സുകുമാരൻ നായർ വിമർശിച്ചിരുന്നു.
ഇന്ന് വീണ്ടും തെരത്തെടുപ്പ് നടത്തിയാൽ യുഡിഎഫിന് 30 സീറ്റെങ്കിലും നഷ്ടപ്പെടുമെന്നും സുകുമാരൻ നായർ പറഞ്ഞു. 102 സീറ്റിൻ്റെ ശോഭ കെട്ടുവെന്നും സംസ്ഥാനത്ത് ഭരണസ്തംഭനമാണ് ഉള്ളതെന്നും സുകുമാരൻ നായർ പറഞ്ഞു. കെ.സി ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ എന്താകുമെന്ന ചോദ്യത്തിന് അനാവശ്യമായി ഉപതെരഞ്ഞെടുപ്പ് വന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
വിദ്യാഭ്യാസ വകുപ്പ് ജനകീയമാകണെമെങ്കിൽ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എൻഎസ്എസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് താക്കോൽ സ്ഥാനത്തിനു കടുംപിടുത്തം പിടിച്ചത് മറ്റൊരു കൂട്ടർ അഞ്ചാം മന്ത്രിസ്ഥാനത്തിന് ശ്രമിച്ചപ്പോഴെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.