തിരുവഞ്ചൂർ രാധാകൃഷ്ണൻ  Source: Files
KERALA

"കമ്യൂണിക്കേഷന്‍ കൃത്യമായി ലഭിച്ചില്ല, ഞാനാകെ കണ്‍ഫ്യൂഷനിലായി"; കാസർഗോഡ് പോകാന്‍ ടിക്കറ്റെടുത്തിരുന്നെന്ന് തിരുവഞ്ചൂര്‍

അവസാനനിമിഷം വരെയും സംഘാടകരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല

Author : ന്യൂസ് ഡെസ്ക്

കൊച്ചി: കാനായി കുഞ്ഞിരാമന്റെ ശില്‍പങ്ങളുടെ അനാച്ഛാദനത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പങ്കെടുക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പരിപാടിയില്‍ വച്ച് കാനായി കുഞ്ഞിരാമന്‍ തന്നെ സ്പീക്കര്‍ക്ക് എതിരേ രംഗത്തെത്തി. ഇപ്പോള്‍ അതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അനാച്ഛാദനത്തില്‍ പങ്കെടുക്കാത്തത് ആശയവിനിമയത്തിലെ അപാകത കാരണമാണ് എന്നാണ് സ്പീക്കര്‍ വ്യക്തമാക്കിയത്.

പരിപാടിയില്‍ പങ്കെടുക്കാനായി വരുന്നതിനായി വന്ദേഭാരതില്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. അവസാനനിമിഷം വരെയും സംഘാടകരെ ബന്ധപ്പെട്ടെങ്കിലും കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് കാസര്‍ഗോഡേക്കുള്ള ട്രെയിന്‍ ടിക്കറ്റ് വ്യാഴാഴ്ച രാത്രി 9.32നാണ് റദ്ദാക്കിയതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

''ഞാന്‍ കാസര്‍ഗോഡേക്ക് പേകാന്‍ തീരുമാനിച്ചിരുന്നു. കാസർഗോഡ് പരിപാടിയില്ർ പങ്കെടുത്ത് കണ്ണൂരിലേക്ക് പോകാനാണ് തീരുമാനിച്ചിരുന്നത്. ഈ പ്രോഗ്രാം ഷെഡ്യൂള്‍ അനുസരിച്ച് ടിക്കറ്റും ബുക്ക് ചെയ്തു. കാസര്‍കോട്ടേക്ക് പോകാനുള്ള കമ്യൂണിക്കേഷന്‍ കൃത്യമായി ലഭിക്കാത്തതിനാല്‍ ഞാനാകെ കണ്‍ഫ്യൂഷനിലായി. ഒരു പ്രതികരണവും ഇല്ലാതായതോടെയാണ് ഞാന്‍ കാസര്‍ഗോഡുള്ള പരിപാടി റദ്ദാക്കി കണ്ണൂരിലും വടകരയിലും പോയത്. എന്റെ ടൂര്‍ ഡയറി നോക്കിയാല്‍ ഇതെല്ലാം മനസിലാകും. ഞാനെടുത്ത ടിക്കറ്റ് നിങ്ങള്‍ക്ക് റെയില്‍വേയില്‍ അന്വേഷിച്ച് ക്രോസ് ചെക്ക് ചെയ്യാം. ബന്ധപ്പെട്ട ആളുകളെ വിളിക്കാന്‍ വ്യാഴാഴ്ച രാത്രി ഒത്തിരി ശ്രമം നടത്തിയിരുന്നു. പോകണമെന്നുള്ളത് എന്റെ ആഗ്രഹവും മോഹവുമായിരുന്നു. അത് രണ്ടും ഇല്ലാതായി. ഞാന്‍ അങ്ങോട്ട് വിളിച്ച ആളുകളുടെ നമ്പറൊക്കെ എന്റെ മൊബൈലിലുണ്ട്, പക്ഷേ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലല്ലോ'' തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് വളപ്പില്‍ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ 33 അടി ഉയരമുള്ള ശില്പത്തിന്റെ അനാച്ഛാദനച്ചടങ്ങാണ് വിവാദമായത്. 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കാനായി കുഞ്ഞിരാമന്‍ ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതവും അതിജീവനവും ഓര്‍മ്മിപ്പിക്കുന്ന ശില്പങ്ങള്‍ യാഥാര്‍ഥ്യമായത്. എന്നാല്‍ അനാച്ഛാദനച്ചടങ്ങില്‍ സ്പീക്കര്‍ എത്താതിരുന്നതോടെ കലാകാരന്മാര്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു. മഹാനായ കലാകാരനോടുള്ള അവഹേളനമാണിതെന്നായിരുന്നു വിമര്‍ശനം. കലയില്‍ രാഷ്ട്രീയം കാണരുതെന്ന് പറഞ്ഞ കാനായി കുഞ്ഞിരാമന്‍ ആര് ഉദ്ഘാടനം ചെയ്താലും ഇല്ലെങ്കിലും ശില്പം ജനങ്ങള്‍ക്കുള്ളതാണെന്നും ശില്പങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ് പതിവെന്നും വ്യക്തമാക്കി.

SCROLL FOR NEXT