കൊച്ചി: ഈ വർഷത്തെ വയലാർ അവാർഡ് ഇ. സന്തോഷ് കുമാറിന്. സന്തോഷ് കുമാറിന്റെ 'തപോമയിയുടെ അച്ഛന്' എന്ന കൃതിക്കാണ് ആണ് വയലാർ അവാർഡ് ലഭിച്ചത്. പെരുമ്പടവം ശ്രീധരൻ ആണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്പവുമാണ് പുരസ്കാരം. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് വൈകീട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് വിതരണം ചെയ്യും. റ്റി.ഡി. രാമകൃഷ്ണൻ, ഡോ. എൻ.പി. ഹാഫീസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവരടങ്ങിയ എന്നിവരടങ്ങുന്ന സമിതിയാണ് ഇ. സന്തോഷ് കുമാറിനെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.
നോവല്‍, ചെറുകഥ എന്നിവയില്‍ ഇ. സന്തോഷ് കുമാർ മലയാളത്തിന് നല്‍കിയത് മികച്ച സംഭാവനകളാണെന്നും ജൂറി വിലയിരുത്തി. മലയാള സാഹിത്യത്തിൽ അടുത്തകാലത്ത് ഉണ്ടായിട്ടില്ലാത്ത ഏറ്റവും മികച്ച നോവലാണ് തപോമയിയുടെ അച്ഛന് എന്ന് റ്റി.ഡി. രാമകൃഷ്ണൻ പറഞ്ഞു. അഭയാർത്ഥി പ്രശ്നമാണ് കൃതിയുടെ പ്രമേയം. ഒരു വാക്ക് പോലും അധികമായിട്ടോ കുറവായിട്ടോ തോന്നില്ല. ഈ സ്ഥാനത്ത് മറ്റൊരു പുസ്തകത്തെ കുറിച്ച് ചിന്തിക്കാൻ കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും റ്റി.ഡി. രാമകൃഷ്ണൻ പറഞ്ഞു.
പുരസ്കാര നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇ. സന്തോഷ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനവും ഉത്തരവാദിത്തവുമാണെന്നും സന്തോഷ് കുമാര്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങൾ സന്തോഷ് കുമാർ നേടിയിട്ടുണ്ട്.
'അന്ധകാരനഴി'ക്ക് 2012 ലെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 2006 ൽ 'ചാവുകളി' എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ആദ്യമായി കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുന്നത്. 2011 ൽ 'കാക്കര ദേശത്തെ ഉറുമ്പുകൾ' എന്ന കൃതിയ്ക്ക് ബാലസാഹിത്യ നോവലിനുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 'തപോമയിയുടെ അച്ഛൻ' ആണ് ഏറ്റവും പുതിയ നോവൽ.