കേരളത്തിലെ പാര്‍ട്ടിയിലെ ദൗര്‍ബല്യങ്ങള്‍ ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്നും, പലതും നേരത്തെ തിരുത്താമായിരുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി.എം. തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയാണ് തിരുത്തലുകള്‍ക്ക് നിമിത്തമായത്. 10 വര്‍ഷത്തെ ഭരണം ഇവിടെ ആദ്യമാണ്. തുടര്‍ഭരണത്തിലിരിക്കുമ്പോള്‍ സ്വഭാവികമായി അഹങ്കാരം വരും. ബംഗാളില്‍ സംഭവിച്ച വലിയ അപകടത്തെക്കുറിച്ചു 10 വര്‍ഷത്തിനിടെ നടന്ന സമ്മേളനങ്ങളില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജാഗ്രത വേണമെന്ന് ഓര്‍മിപ്പിച്ചെങ്കിലും ഉദാസീന മനോഭാവമുണ്ടായെന്ന് മലയാള മനോരമ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തോമസ് ഐസക്ക് പറഞ്ഞു.
ഭരണം ലഭിച്ചിടത്തേക്ക് പ്രസ്ഥാനം ഒതുങ്ങിയെന്ന് തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. ബംഗാളും ത്രിപുരയും പോയപ്പോഴും കേരളത്തില്‍ പിടിച്ചുനിന്നു. 10 വര്‍ഷം സര്‍ക്കാര്‍ നല്ല പ്രകടനം നടത്തിയിട്ടും, എന്തുകൊണ്ട് തോറ്റെന്നാണ് പരിശോധിച്ചത്. രണ്ടാം ഭരണത്തില്‍ കേന്ദ്രത്തിന്റെ പ്രതികാരനയം മൂലം വരുമാനം കുറഞ്ഞപ്പോള്‍ മുന്‍ഗണന തീരുമാനിക്കുന്നതില്‍ പിശകുണ്ടായി. പാവങ്ങള്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ കുറവു വരുത്താന്‍ പാടില്ലായിരുന്നുവെന്ന് ഐസക്ക് അഭിപ്രായപ്പെട്ടു.
തുടര്‍ഭരണം പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്ന കാര്യത്തെ വ്യക്തിപരമായല്ല കാണേണ്ടത്. പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപനം വേണ്ടത്രയുണ്ടായില്ല. വര്‍ഗ, ബഹുജന സംഘടനകള്‍ക്ക് അംഗങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലപാടെടുക്കാന്‍ കഴിഞ്ഞില്ല. ട്രേഡ് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍നയങ്ങളിലുള്ള എതിര്‍പ്പു പ്രകടിപ്പിക്കാനാകണം. മൂന്നാം തവണ ഭരണം നേടാന്‍, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ മാനദണ്ഡങ്ങള്‍ മാറ്റിയതിലെ ശരിതെറ്റുകള്‍ വിലയിരുത്തുന്നില്ല. മത്സരിക്കാന്‍ അവസരം ലഭിക്കാത്തതിലോ, സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവാക്കിയതിലോ പ്രശ്നങ്ങളില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകളുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.