കിഫ്ബി മസാല ബോണ്ട് ഇടപാടിൽ ഇ ഡി നോട്ടീസയച്ചതിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇ ഡിയ്ക്ക് മുന്നിൽ പോകാൻ മനസില്ലെന്ന് തോമസ് ഐസക്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള നോട്ടീസ് ഇ ഡിയുടെ സ്ഥിരം കലാപരിപാടിയാണ്. ബിജെപിക്കും യുഡിഎഫിനും വേണ്ടിയുള്ള പ്രചാരണം എന്നും തോമസ് ഐസക്ക് പ്രതികരിച്ചു. ഇപ്പോൾ ലഭിച്ച നോട്ടീസിൽ നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും തോമസ് ഐസക്ക് പ്രതികരിച്ചു.
"കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഇ ഡിക്ക് ആവുന്നില്ല. ഒരു ആവശ്യവുമില്ലാത്ത ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു. മസാല ബോണ്ട് വഴി കണ്ടെത്തുന്ന ഫണ്ട് ഭൂമി വാങ്ങാൻ ഉപയോഗിക്കാൻ പാടില്ല എന്നാണ് ഇപ്പോൾ പറയുന്നത്. ഞങ്ങളുടെ നിലപാട് വ്യക്തമാണ്. ഭൂമി വാങ്ങിയിട്ടില്ല, ഭൂമി ഏറ്റെടുത്തിട്ടേയുള്ളു. മാത്രമല്ല അങ്ങനെ ചെയ്ത സമയത്ത് ആർബിഐ നിബന്ധനയും മാറിയിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മുഖം മറ സൃഷ്ടിക്കാനുള്ള ഇഡി നീക്കമാണിത്. യുഡിഎഫ് നേതാക്കൾ അതിനു പിന്നാലെ ഇറങ്ങുന്നത് സങ്കടകരമാണ്. പുച്ഛത്തോട് കൂടി കേരളം ഇത് തള്ളിക്കളയും. ബിജെപി കേരളത്തെ പിന്നോട്ടടിക്കുന്നു," തോമസ് ഐസക്ക് പ്രതികരിച്ചു.
ഇ ഡി നോട്ടീസ് കേരളത്തോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ബിജെപിയുടെ രാഷ്ട്രീയക്കളിയാണിത്. എന്തുകൊണ്ടാണ് ഇ ഡി നോട്ടീസ് വരാത്തത് എന്ന് ആലോചിക്കുകയായിരുന്നുവെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചു.
ഇ ഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബിജെപി ഇഡിയെ വെച്ച് കളിക്കുന്നു. ബിജെപിയുമായോ കോൺഗ്രസുമായോ സിപിഐഎമ്മിന് യാതൊരുവിധ ബന്ധവുമില്ല. കേരളത്തിലെ വികസനം തടസപ്പെടുത്താനുള്ള നീക്കം നിയമപരമായി നേരിടും. നോട്ടീസ് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആയി മാത്രം കണ്ടാൽ മതി. ഇഡി നേരത്തെയും തോമസ് ഐസക്കിന് നോട്ടീസ് നൽകുകയും കോടതിയിൽ പോയി അവസാനിക്കുകയും ചെയ്തതാണ്. ബിജെപി നിർദ്ദേശപ്രകാരമാണ് ഇഡി മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും നോട്ടീസ് അയച്ചിരിക്കുന്നത്. സർക്കാർ ഇത് നിയമപരമായി നേരിടുമെന്നും വി. ശിവൻകുട്ടി പ്രതികരിച്ചു.