ആലപ്പുഴ: പുന്നപ്ര-വയലാര്‍ സമരത്തിന്റെ എണ്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ചിന്ത വാരികയുടെ പ്രത്യേക പതിപ്പിനെതിരെ സിപിഐ രംഗത്ത്. തോമസ് ഐസക്ക് തയ്യാറാക്കിയ പ്രത്യേക പതിപ്പിന് ആണ് വിമര്‍ശനം. ചരിത്രം വളച്ചൊടിച്ചെന്ന് ആരോപിച്ച് മുതിര്‍ന്ന സിപിഐ നേതാവ് ടി.ജെ. ആഞ്ചലോസാണ് രംഗത്തെത്തിയത്. എന്നാല്‍ 3000 വാക്കിലെഴുതുന്ന ലേഖനത്തില്‍ എല്ലാം പറയാനാകില്ലെന്നും ടി.വി. തോമസിന് അര്‍ഹമായ പ്രധാന്യം നല്‍കിയിട്ടുണ്ടെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
പുന്നപ്ര-വയലാര്‍ സമരത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തിയ ടിവി തോമസിനെ ഗസ്റ്റ് ആര്‍ടിസ്റ്റ് ആയി മാറ്റുന്ന തരത്തിലാണ് തോമസ് ഐസക്ക് ചിന്തയിലെഴുതിയ ലേഖനമെന്നും ആഞ്ചലോസ് വിമര്‍ശിച്ചു. ഇതിന് പിന്നാലെ തോമസ് ഐസക്ക് മറുപടിയുമായി രംഗത്തെത്തുകയായിരുന്നു.
3000 വാക്കുകളില്‍ ഒരു ചരിത്ര സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ എല്ലാം പരിപൂര്‍ണമായി എഴുതാന്‍ സാധിക്കണമെന്നില്ലല്ലോ. അതിനെ വളച്ചൊടിക്കലായി കാണേണ്ടതില്ല.
പണിമുടക്കിന് തീരുമാനമെടുത്തത് ടി.വി. തോമസ് പ്രസിഡന്റായ എ.ടി.ടി.യു. കൗണ്‍സിലാണ് എന്നാണ് ആഞ്ചലോസ് പറയുന്നത്. അത് കൃത്യമായി ചിന്താ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ട്.
ഭക്തിവിലാസത്തില്‍ വെച്ചുള്ള ത്രികക്ഷി യോഗത്തില്‍ വെച്ച് സി.പി. രാമസ്വാമി അയ്യരെ വെല്ലുവിളിച്ചത് ടി.വി. തോമസ് തന്നെയായിരുന്നു. അതുകൊണ്ടാണ് ഏതാണ്ട് അര പേജ് വരുന്ന ഭക്തിവിലാസത്തിലെ യോഗത്തിന്റെ ചിത്രത്തില്‍ ടി.വിയുടെ സാന്നിധ്യം പ്രത്യേകം അടിക്കുറിപ്പായി നല്‍കിയതെന്നും തോമസ് ഐസക്ക് പറയുന്നു.
അറുപതോളം സമരനായകരുടെ ഫോട്ടോ നല്‍കിയതില്‍ സി.കെ. കുമാരപ്പണിക്കരുടെ സ്ഥാനം എട്ടാമതും ടി.വി. തോമസിന്റേത് ഒമ്പതാമതും ആണത്രേ നല്‍കിയത്. പി. കൃഷ്ണപിള്ള ഒഴികെയുള്ള നേതാക്കളുടെ ചിത്രങ്ങള്‍ അക്ഷരമാലാക്രമത്തിലാണ് ഡയറക്ടറിയില്‍ നല്‍കിയിട്ടുള്ളത്. (സുപ്രധാന നേതാക്കളായ 19 പേരുടെ പേരുകള്‍ ആദ്യവും അതിനുശേഷം മറ്റുള്ള പ്രധാനനേതാക്കളുടെ പേരുകളും) അതില്‍ ഇവിടെ വല്ല മാറ്റവും വന്നോ എന്ന് പരിശോധിക്കാം. പക്ഷേ, അക്ഷരമാലാക്രമത്തില്‍ 'തോമസ്' ആദ്യം വരാന്‍ കഴിയില്ലല്ലോ എന്നും തോമസ് ഐസക്ക് ചോദിച്ചു.
അന്ന് സിപിഐ(എം)-സിപിഐ രണ്ട് പാര്‍ടികള്‍ അല്ലല്ലോ. 'ചിന്ത'യിലെ പ്രതിപാദനത്തിന്റെ പ്രത്യേകത അത്തരം പരിഗണനകളില്ലാതെ ചരിത്രം പറഞ്ഞു എന്നുള്ളത് തന്നെയാണ്. ആര്‍ക്കു വേണമെങ്കിലും ചിന്താ പതിപ്പും മറ്റു പ്രസിദ്ധീകരണങ്ങളുമായി താരതമ്യപ്പെടുത്തി നോക്കാവുന്നതുമാണെന്നും ഐസക്ക് പറഞ്ഞു.