കോഴിക്കോട്: എ ഗ്രൂപ്പിന്റെ പേരിൽ കെപിസിസി പ്രസിഡന്റാകാനുള്ള ഷാഫി പറമ്പിലിന്റെ രഹസ്യ നീക്കം പൊളിച്ച് കെ.സി. വിരുദ്ധരും വി.ഡി. സതീശൻ അനുകൂലികളും. രാജ്മോഹൻ ഉണ്ണിത്താന്റെ വിമര്‍ശനത്തോടെയാണ് ഇരു വിഭാഗവും ഷാഫിയുടെ നീക്കത്തെ തടഞ്ഞത്.
ബെന്നി ബെഹ്നാനെ കെപിസിസി പ്രസിഡണ്ടാക്കണമെന്നാണ് എ ഗ്രൂപ്പ് ആവശ്യപ്പെട്ടതെങ്കിലും ഒരു തർക്കം ഉയർന്നാൽ കെ.സി. ഗ്രൂപ്പിന്റെ പിന്തുണയോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് വരികയായിരുന്നു ഷാഫി അനുകൂലികളുടെ ലക്ഷ്യം. ഈ നീക്കം വ്യക്തമായതോടെയാണ് ഷാഫി എ ഗ്രൂപ്പല്ലെന്ന് സ്ഥാപിക്കാനുള്ള നീക്കം ആരംഭിച്ചത്.
കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആദ്യം താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടെത്തിയത് കൊടിക്കുന്നിൽ സുരേഷ് ആയിരുന്നു. പിന്നാലെ എ.പി. അനിൽ കുമാറിൻ്റെ പേരും ഉയർന്നു വന്നിരുന്നു. തുടർന്ന് ഷാഫി പറമ്പിലിനെ കെപിസിസി പ്രസിഡൻ്റാക്കാനുള്ള കെ.സി.ഗ്രൂപ്പിൻ്റെ ശ്രമമാണ് ഇപ്പോൾ പുതിയ വിവാദങ്ങളോടെ ഇല്ലാതായത്.