മലയാളിയുടെ ചിന്തകളെ ചിരി കൊണ്ട് ജ്വലിപ്പിച്ച ശ്രീനിവാസന് അന്ത്യ പ്രണാമം. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം. വീട്ടിലും എറണാകുളം ടൌൺഹാളിലും നടന്ന പൊതുദർശനത്തിൽ രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുൾപ്പടെ ആയിരങ്ങൾ അന്തിമോപചാരം അർപ്പിച്ചു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് കണ്ടനാട്ടെ വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
നിനച്ചിരിക്കാത്ത നേരത്തെത്തുന്ന ശ്രീനിവാസൻ ഹാസ്യങ്ങളെപ്പോലെയായിരുന്നു മരണവാർത്തയും. അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസൻ പതിയെ സജീവമാകുന്നതിനിടെയാണ് വിയോഗം. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അറുപത്തിയൊമ്പതാം വയസിൽ പറയാനേറെ കഥകൾ ബാക്കിവെച്ച് ശ്രീനിവാസൻ ഓർമ്മയായി.
എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, പി രാജീവ് എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു. ശ്രീനിയെ അവസാനമായി കാണാൻ മമ്മൂട്ടിയും മോഹൻലാലുമെത്തി. അഭിനയജീവിതത്തിൽ സുപ്രധാന നിമിഷങ്ങളിൽ ഒപ്പം നിന്ന പ്രിയപ്പെട്ടവന് സമീപം ഒന്നിച്ചഭിനയിച്ച മുഹൂർത്തങ്ങളുടെ പൊള്ളുന്ന ഓർമകളുമായി ഇരുവരും.
വിജയനൊപ്പം പങ്കിട്ട സ്വപ്നങ്ങളുടെ ഓർമകളിൽ ദാസന്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ കണ്ണ് തുടച്ച് മോഹൻലാൽ നിന്നു. ദിലീപ് ഉൾപ്പെടെ സിനിമയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ശ്രീനിയെ അവസാന നോക്ക് കാണാനെത്തി. സഹിക്കാനാകാത്ത സങ്കടവും പേറിയാണ് മമ്മൂട്ടി ശ്രീനിവാസന്റെ വീട്ടിലെത്തിയത്. ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ശ്രീനിക്കരികിൽ കുടുംബത്തോട് ചേർന്ന് നിന്ന മമ്മൂട്ടി വേദന കടിച്ചമർത്തി നിശബ്ദനായി മടങ്ങി.
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെ ഒൻപത് മണിയോടെയാണ് വിയോഗവർത്ത പുറത്ത് വന്നത്. വിയോഗവർത്തയറിഞ്ഞ സുഹൃത്തുക്കളും സഹപ്രവർത്തകരും ഈറനണിഞ്ഞ കണ്ണുകളും, ദുഃഖം തളംകെട്ടിയ ഹൃദയവുമായി ആശുപത്രിയിലെത്തിയിരുന്നു. സങ്കടം സഹിക്കാനാകാതെ പലരും തേങ്ങി. ജീവിതത്തിലെ എല്ലാ കലഹങ്ങളിലും ഒപ്പം നിന്ന വിമല ജീവനറ്റ ശരീരത്തിന് സമീപം കണ്ണീരിലാണ്ടു. അമ്മയുടെ കൈപിടിച്ച് വിനീത് ശ്രീനിവാസൻ നിഴലായി ഒപ്പം നിന്നു.
ഷൂട്ടിംഗ് തിരക്കിലായിരുന്ന ധ്യാൻ ശ്രീനിവാസൻ വീട്ടിലേക്കാണ് എത്തിയത്. നിയന്ത്രിക്കാനാകാതെ അമ്മയുടെ തോളിൽ ചാരിയാണ് ധ്യാൻ ഇരുന്നത്. നാളെ വൈകിട്ട് വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതിയോടെയുള്ള സംസ്കാര ചടങ്ങുകൾ നടക്കുക. മരണത്തിന്റെ തണുപ്പുള്ള ഈ രാത്രിയിൽ കണ്ടനാട്ടെ വീട് ഉറങ്ങാതിരിക്കും, തന്റെ തൂലികയിൽ പിറന്ന കഥാപാത്രങ്ങളിലൂടെ ഇനിയുള്ള കാലം ശ്രീനിവാസനും.