പ്രതീകാത്മക ചിത്രം 
KERALA

കാസർഗോഡ് ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കഴിച്ച് മരിച്ചു; ഒരാളുടെ നില ഗുരുതരം

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്

Author : ന്യൂസ് ഡെസ്ക്

കാസർഗോഡ്: അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ആസിഡ് കഴിച്ച് മരിച്ചു. പറക്കളായി രണ്ടാം പുളിക്കാലിലെ ഗോപി , ഭാര്യ ഇന്ദിര, മൂത്ത മകൻ രഞ്ചേഷ് എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിനെ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഗോപിയുടെ വീട്ടില്‍ നിന്നും ഛർദ്ദിക്കുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ട് നാട്ടുകാർ ഓടിച്ചെല്ലുകയായിരുന്നു. കുടുംബം തന്നെയാണ് ആസിഡ് കഴിച്ചതായി നാട്ടുകാരെ അറിയിച്ചത്. ഒരാള്‍ അവിടെ വെച്ച് തന്നെ മരിച്ചു. ബാക്കി മൂന്ന് പേരെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. എന്നാല്‍, രണ്ട് പേർ ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇന്ദിരയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലും ബാക്കി രണ്ട് പേരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലുമാണ്.

വീടിനുള്ളിലേക്ക് ആരും കടക്കരുതെന്ന് പൊലീസ് നിർദേശം നല്‍കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയായേക്കും. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആസിഡ് എങ്ങനെ ഇവർക്ക് ലഭിച്ചുവെന്നതിലും വ്യക്തതയില്ല. വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടില്ല. കുറച്ചുകാലമായി ഇവരെ വീടിന് വെളിയിലേക്ക് കാണാറില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

SCROLL FOR NEXT