കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിനിടെ പൊലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ മൂന്ന് കോൺഗ്രസ് പ്രവർത്തകർ കൂടി കസ്റ്റഡിയിൽ. പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഉൾപ്പെടെ ഉള്ളവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരുടെ എണ്ണം ഏഴായി.
അതേസമയം പൊലീസ് നരനായാട്ട് തുടരുന്നതായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. വീൺകുമാർ പറഞ്ഞു. നിരപരാധികളെയാണ് ജയിലിലാക്കുന്നത്. ഷാഫിയെ മർദിച്ച പൊലീസിനെതിരെ നടപടി വൈകുന്നതായും പ്രവീൺകുമാർ ആരോപിച്ചു.
പക്ഷപാതപരമായാണ് പേരാമ്പ്രയിലേയും കോഴിക്കോട്ടെയും പൊലീസ് പെരുമാറുന്നത്. സ്ഫോടക വസ്തു എറിഞ്ഞത് പൊലീസിൻ്റെ ഇടയിൽ നിന്നാണെന്നുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടും അറസ്റ്റ് തുടരുകയാണെന്നും പ്രവീൺകുമാർ പറഞ്ഞു.
ആറ് ദൃശ്യങ്ങളാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ പുറത്തുവിട്ടത്. പൊലീസിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ അഞ്ച് യുഡിഎഫ് പ്രവർത്തകർ അറസ്റ്റിലായതിന് പിന്നാലെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കൂടുതൽ ദൃശ്യങ്ങൾ പുറത്തുവിട്ടത്. പുറത്തുവിട്ട ആറ് ദൃശ്യങ്ങളിൽ ഗ്രനേഡും ടിയർ ഗ്യാസും പ്രവർത്തകർക്കിടയിൽ വീണ് പൊട്ടുന്നതും വടകര ഡിവൈഎസ്‌പി ടിയർ ഗ്യാസുമായി നിൽക്കുന്നതും വ്യക്തമായി കാണാം.