കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിക്ക് കോടതിയിൽ എസ്കോർട്ട് പോയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. സുനിക്ക് മദ്യപിക്കാൻ സൗകര്യം ചെയ്തു കൊടുത്തു, ജയിലിൽ നിന്നും കോടതിയിലേക്ക് പോകും വഴി സുനിക്ക് മദ്യം വാങ്ങി നൽകി എന്നീ പരാതികളിലാണ് നടപടി.
കണ്ണൂർ എ ആർ ക്യാമ്പിലെ മൂന്ന് പൊലീസുകാരെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്കായി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തലശേരി കോടതിയിലേക്ക് പോകും വഴിയായിരുന്നു സംഭവം.
തലശേരി കോടതിക്ക് മുന്നിലെ വിക്ടോറിയ ബാറിൽ നിന്നാണ് കഴിഞ്ഞ ജൂൺ 17 ന് കൊടി സുനി മദ്യപിച്ചത്. ഈ സമയം പരോളിൽ ഉണ്ടായിരുന്ന ടിപി കേസിലെ മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്തത്.