മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ മൂന്ന് വയസുകാരി കുഴഞ്ഞുവീണു മരിച്ചു. പാലക്കയം ഉന്നതിയിലെ ആദിവാസി ദമ്പതികളായ അജിത്തിൻ്റെയും സൗമ്യയുടേയും മകൾ സനോമിയയാണ് മരിച്ചത്. പനിയെ തുടർന്ന് നിലമ്പൂർ ജില്ല ആശുപത്രിയിൽ ഡോക്ടറെ കാണാൻ കാത്തുനിൽക്കെ കുഴഞ്ഞുവീഴുകയായിരുന്നു.
രാവിലെ എട്ടുമണിയോടെയാണ് അജിത്തും അമ്മയും സൗമ്യയും ചേർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. വാഹനം ലഭിക്കാത്തതിനെ തുടർന്ന് ആശുപത്രിയിലെത്താൻ വൈകിയിരുന്നു. പത്തുമണിയോടെ ആശുപത്രിയിൽ എത്തിച്ചപ്പോൾ അസ്വഭാവികത തോന്നിയ കുടുംബാംഗങ്ങൾ കുട്ടിയെ ഉടൻ കാഷ്യാലിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനുപിന്നാലെയാണ് കുട്ടിയുടെ മരണവിവരം സ്ഥിരീകരിച്ചത്.