തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിച്ച പുതുയുഗ യാത്രയ്ക്ക് ആവേശോജ്വല സമാപനം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പുത്തരിക്കണ്ടം മൈതാനത്തിൽ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്. കേരളം ഒരു ആഗോള ആശയമാണെന്ന് രാഹുൽ ഗാന്ധി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
ഇത് ടീം യുഡിഎഫ് ആണ്. കേരളത്തിലെ ജനങ്ങൾ എന്താഗ്രഹിക്കുന്നുവെന്നും അവരുടെ സ്ഥിതിഗതികൾ എന്താണെന്നും നാളത്തെ കേരളത്തെ കുറിച്ചുള്ള അവരുടെ ചിന്തയെന്താണെന്നും മനസിലാക്കാൻ പുതുയുഗ യാത്രയിലൂടെ സാധിച്ചുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദിയെ ട്രംപ് നിയന്ത്രിക്കുന്നത് പോലെയാണ് മോദി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത്. യുഡിഎഫിനെതിരെ അവർ ഒന്നിച്ച് നിൽക്കുന്നു, സിജെപി ആയാണ് കേരളത്തിൽ എൽഡിഎഫും ബിജെപിയും പ്രവർത്തിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വേദിയിൽ സഞ്ജു സാംസണെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു.
പ്രവർത്തകർ തോളിലേറ്റിയാണ് വി.ഡി. സതീശനെ വേദിയിൽ എത്തിച്ചത്. തിരുവനന്തപുരം വരെ പുതുയുഗയാത്രയെ നെഞ്ചിലേറ്റിയവർക്ക് വി.ഡി. സതീശൻ നന്ദി പറഞ്ഞു. രാജ്യത്തിന് മാതൃകയാവുന്ന കേരളം, ഒരു നീയോ കേരള മോഡൽ, അതാണ് യുഡിഎഫിൻ്റെ വാക്ക്. അധികാരത്തിലേക്ക് വരാൻ പോകുന്ന മുന്നണിയാണ് യുഡിഎഫ്. 14 ജില്ലകളിലും യാത്രയിൽ സംവദിച്ചത് ഏറ്റവും സാധാരണക്കാരായ ജനങ്ങളോടാണ്. യുഡിഎഫ് അധികാരത്തിലെത്തും. ടീം യുഡിഎഫ് നൂറിലധികം സീറ്റുമായി അധികാരത്തിൽ തിരിച്ചുവരും. ഒരു വലിയ മാറ്റത്തിനു വേണ്ടിയിട്ടുള്ള തയ്യാറെടുപ്പോടെയാണ് യുഡിഎഫ് വരുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
നൂറ് സീറ്റോടെ അധികാരത്തിൽ എത്തുമെന്ന് രമേശ് ചെന്നിത്തല വേദിയിൽ പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം നാട്ടുകാരൻ എന്ന് പറയുന്നതിൽ ലജ്ജയെന്ന് കെ. സുധാകരൻ പറഞ്ഞു. ഭരണമാറ്റത്തിന് ജനം കാത്തിരിക്കുന്നു എന്ന് കെ.സി. വേണുഗോപാലും വേദിയിൽ പറഞ്ഞു.