കൊച്ചി: ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രം. ''നിലക്ക് നിർത്തൂ മതഭ്രാന്തന്മാരെ എന്ന പേരിലാണ്'' കത്തോലിക്കാ സഭയുടെ മുഖപ്രസംഗം. ബിജെപി സർക്കാർ പാസാക്കിയ മതപരിവർത്തന നിരോധന നിയമം മതഭ്രാന്തിന്റെ അടിസ്ഥാനത്തിലെന്നാണ് മുഖപ്രസംഗത്തിൽ വിമർശിക്കുന്നത്. സഭയെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് മുഖപത്രത്തിൽ രൂക്ഷ വിമർശനം.
ക്രൈസ്തവർക്കെതിരെയുള്ള ആക്രമണങ്ങൾക്കും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗത്തിന് എതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും പലതവണ ക്രൈസ്തവ സഭകൾ പരാതി നൽകിയിരുന്നു എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ലന്ന് സീറോ മലബാർ സഭയുടെ തൃശൂർ അതിരൂപത മുഖപത്രമായ കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു. 2024ൽ രാജ്യത്ത് ക്രൈസ്തവർക്കെതിരായി എണ്ണൂറ്റി മുപ്പത്തിനാല് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതായി യുണൈറ്റഡ് ക്രിസ്ത്യൻ റിപ്പോർട്ട് പറയുന്നു. 2025 നവംബർ വരെ 764 ആക്രമങ്ങൾ ഉണ്ടായെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണങ്ങളെല്ലാം മതപരിവർത്തനം ആരോപിച്ചാണെന്നും, യാതൊരു തെളിവുമില്ലാതെയാണ് പലരെയും അറസ്റ്റ് ചെയ്തതെന്നും കത്തോലിക്കാ സഭ കുറ്റപ്പെടുത്തുന്നു.
ബിജെപി സർക്കാരുകൾ പാസാക്കിയ മതപരിവർത്തന നിരോധന നിയമം കൂടിയ മതഭ്രാന്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ ഈ മതഭ്രാന്ത് ലോകരാജ്യങ്ങൾക്കു മുമ്പിൽ അവമതിപ്പ് ഉളവാക്കുന്നതാണെന്നും തൃശൂർ അതിരൂപത ചൂണ്ടിക്കാട്ടുന്നു. പാകിസ്ഥാനിലെയും, ബംഗ്ലാദേശിലെയും വർഗീയ കലാപങ്ങളെ എതിർക്കുന്ന നമ്മൾക്ക് രാജ്യത്തെ ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കാൻ കഴിയാത്തത് പരിശോധിക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു. വികസിത രാജ്യങ്ങളിൽ പോലും മതപ്രചാരണം മതപരിവർത്തന നിയമപ്രകാരം കുറ്റകരമാക്കുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു. ഏഷ്യാ ഭൂഖണ്ഡമാകെ സുവിശേഷ വത്കരിക്കാൻ വത്തിക്കാൻ ലക്ഷ്യമിട്ടെന്ന കേസരി മാസികയിലെ ആരോപണത്തെ തള്ളിയ സഭാ മുഖപത്രം, സുവിശേഷ പ്രവർത്തനം മതപരിവർത്തനമാണെന്നാണ് കേസരി മനസിലാക്കിയിരിക്കുന്നതെന്ന് വിമർശിച്ചു.
മദർ തെരേസയും സ്റ്റാൻസ്വാമിയും, ഗ്രാഹം സ്റ്റെയിനും രണ്ട് മക്കളും എല്ലാം കേസരിക്ക് മതപരിവർത്തനത്തിന്റെ പ്രതിരൂപങ്ങളായി മാറുന്നു എന്നതിൽ അത്ഭുതമില്ല എന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. മതേതര ഇന്ത്യയുടെ കളങ്കം എന്നാണ് മതപരിവർത്തന നിരോധന നിയമത്തെ കത്തോലിക്കാ സഭ വിശേഷിപ്പിക്കുന്നത്. സുപ്രീംകോടതി ഈ വിഷയത്തിൽ നടത്തുന്ന ഇടപെടലുകൾ മാത്രമാണ് ക്രൈസ്തവർക്ക് ഏക ആശ്വാസമെന്ന് കത്തോലിക്കാ സഭ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ തൃശ്ശൂർ അതിരൂപതയുടെ നിശിത വിമർശനം ബിജെപി ഗൗരവത്തോടെയാണ് കാണുന്നത്.