ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് Source: News Malayalam 24x7
KERALA

മറ്റത്തൂരിലെ ബിജെപി-കോൺഗ്രസ് സഖ്യം:" കോൺഗ്രസിന്റെ എട്ട് വാർഡ് അംഗങ്ങളെയും രണ്ട് വിമതരെയും അയോഗ്യരാക്കും"; കർശന നടപടിയുമായി ഡിസിസി

ചേലക്കരയിൽ കോൺഗ്രസിന് വോട്ട് ചെയ്ത അംഗത്തിനെതിരെ നടപടിയെടുക്കാത്ത സിപിഐഎമ്മാണ് തങ്ങളെ പരിഹസിക്കുന്നതെന്നും ജോസഫ് ടാജറ്റ്

Author : പ്രണീത എന്‍.ഇ

തൃശൂർ: മറ്റത്തൂരിലെ ബിജെപി- കോൺഗ്രസ് സഖ്യത്തിൽ കർശന നടപടിക്കൊരുങ്ങി ഡിസിസി. കോൺഗ്രസിന്റെ എട്ട് വാർഡ് അംഗങ്ങളെയും, രണ്ട് വിമതരേയും അയോഗ്യരാക്കാനുള്ള നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. പത്തു പേരെയും അയോഗ്യരാക്കാനുള്ള നിയമനടപടി ഉടൻ ആരംഭിക്കും. ഡിസിസി നേതൃത്വം കൃത്യമായി നിർദേശങ്ങൾ നൽകിയിരുന്നെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

ചേലക്കരയിൽ കോൺഗ്രസിന് വോട്ട് ചെയ്ത സിപിഐഎം അംഗത്തിനെതിരെ നടപടിയെടുക്കാത്ത പാർട്ടിയാണ് തങ്ങളെ പരിഹസിക്കുന്നതെന്നാണ് ജോസഫ് ടാജറ്റിൻ്റെ പ്രസ്താവന. ഇതിനൊപ്പം ചൊവ്വന്നൂരിലെ കോൺഗ്രസ് -എസ്ഡിപിഐ സഖ്യത്തിൽ കോൺഗ്രസ് നേതാവ് വർഗീസ് ചൊവ്വന്നൂരിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ജോസഫ് ടാജറ്റ് വ്യക്തമാക്കി. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് പറഞ്ഞു.

അതേസമയം മറ്റത്തൂരിലെ കൂറുമാറ്റ നടപടിക്ക് പിന്നാലെ മലക്കംമറിഞ്ഞിരിക്കുകയാണ് രാജിവച്ച പഞ്ചായത്തംഗം. കോൺഗ്രസ് - ബിജെപി കൂട്ടുകെട്ട് അറിയാതെയാണ് താൻ വോട്ട് ചെയ്തതെന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച വാർഡ് മെമ്പർ അക്ഷയ് സന്തോഷ് പറഞ്ഞു. വർഗീയശക്തിയായ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും അക്ഷയ് പറഞ്ഞു.

ഡിസിസി നേതൃത്വത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജിവെച്ചുതെന്നായിരുന്നു ഇന്നലെ അക്ഷയ് അടക്കമുള്ളവർ പറഞ്ഞത്. എന്നാൽ ഇന്ന് അത് തിരിച്ചായി. ബിജെപി കൂട്ടുകെട്ട് അറിയാതെ തങ്ങളുടെ കയ്യിൽ നിന്ന് രാജിക്കത്ത് ഒപ്പിട്ടു വാങ്ങുകയായിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കുകയാണ് എന്ന് പറഞ്ഞാണ് ഒപ്പിട്ടതെന്നും അക്ഷയ് പറഞ്ഞു.

SCROLL FOR NEXT