KERALA

തൃശൂര്‍ വെടിക്കെട്ട് അപകടത്തില്‍ കാണാതായ യുവാവിന്റെ അമ്മ മരിച്ചു

പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശിനി ഗൗരി ആണ് മരിച്ചത് അസുഖബാധിതയായി ചികിത്സയിലായിരുന്നു. 74 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേദിവസമാണ് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് മടങ്ങിയത്.

കഴിഞ്ഞ ദിവസം ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. ഗിരീഷിനെ കാണാതായതിനെ തുടര്‍ന്ന് മാനസിക വിഷമത്തില്‍ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് പറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

അതേസമയം മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ച പത്ത് പേരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റവരില്‍ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. വെടിക്കെട്ട് പുരയുടെ ലൈസന്‍സ് ഉടമയായ സതീഷ് ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്.

അപകടത്തില്‍ മരിച്ച 10 പേരില്‍ എട്ടു പേരുടെയും പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടുണ്ട്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതില്‍ നിന്ന് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കും. അതിനുള്ള നടപടികള്‍ ഇന്നും തുടരും.

SCROLL FOR NEXT