കൊച്ചി: സംസ്ഥാനത്തെ വിവിധ കോളേജുകളിലെ 54 ക്യാമ്പസ് ലീഡര്‍മാരെ ആദരിച്ച് ടിങ്കര്‍ഹബ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ഗ്രാജുവേഷന്‍ ഡേ. കാക്കനാട് മരിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു ചടങ്ങ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ടെക് ഇന്നോവേഷന്‍ രംഗത്തേക്ക് കടന്നുവരാന്‍ സംസ്ഥാനത്തെ 19,000-ത്തിലധികം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിച്ച പ്രവര്‍ത്തനങ്ങളും നേതൃപാടവവും പരിഗണിച്ചായിരുന്നു ആദരം.
ചടങ്ങില്‍ കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിനെ സംസ്ഥാനത്തെ മികച്ച ക്യാമ്പസ് ഓഫ് ദി ഇയര്‍ ആയി പ്രഖ്യാപിച്ചു. പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വുമണ്‍, പുന്നപ്രയിലെ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്‌മെന്റും മികച്ച റണ്ണര്‍സ് അപ്പ് ക്യാമ്പസുകളായി തെരഞ്ഞെടുക്കപ്പെട്ടു. വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആണ് ബെസ്റ്റ് ലേണിംഗ് കമ്മ്യൂണിറ്റി. കരുനാഗപ്പള്ളി കോളേജ് എഫ് എഞ്ചിനീയറിങിലെ ബി. അഭിജിത്തിനെ ക്യാമ്പസ് ലീഡ് ഓഫ് ദി ഇയറായും തെരഞ്ഞെടുത്തു.
ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സജി ഗോപിനാഥ് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. ടിങ്കര്‍ഹബ് വിദ്യാര്‍ത്ഥികളുടെ പഠനരീതിയിലും സഹകരണത്തിലും കൊണ്ടുവരുന്നത് നിശ്ശബ്ദ വിപ്ലവമാണെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തലമുറയിലെ ടെക് ഇന്നോവേറ്റര്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ ടിങ്കര്‍ഹബ് നടത്തുന്നത് ഇടപെടല്‍ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.സി.ടി അക്കാദമി മുന്‍ സി.ഇ.ഒ സന്തോഷ് സി. ഉള്‍പ്പെടെയുള്ള പ്രമുഖരടക്കം 500-ലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിന്റെയും രാജ്യത്തിന്റെയും വ്യാവസായിക വളര്‍ച്ചാ രംഗത്ത് കൂടുതല്‍ ഇന്നോവേറ്റര്‍മാരെ സൃഷ്ടിച്ച് മുന്നേറ്റമുണ്ടാക്കാനുള്ള തീവ്രപരിശ്രമമാണ് ഇതിന് പിന്നില്‍ നടക്കുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകള്‍, ഹാക്കത്തോണുകള്‍, ടെക് ഇന്നൊവേഷനുകളിലൂടെയും വിദ്യാര്‍ത്ഥികളെ ടെക് ബില്‍ഡര്‍മാരായി വളര്‍ത്തിയെടുക്കുന്ന വിശാലമായ കൂട്ടായ്മയാണ് ടിങ്കര്‍ഹബ് സംസ്ഥാനത്ത് സാധ്യമാക്കിയത്.
ഇതിന്റെ ഭാഗമായി ബി.ടെക്, ആര്‍ട്സ് ആന്‍ഡ് സയന്‍സ്, പോളിടെക്‌നിക് കോളേജുകളിലായി പിയര്‍-ലേണിംഗ് കമ്മ്യൂണിറ്റികള്‍ കെട്ടിപ്പടുക്കുന്നതില്‍ ക്യാമ്പസ് ലീഡേര്‍സ് വലിയ പങ്കാണ് വഹിച്ചത്. 35,000-ത്തിലധികം വിദ്യാര്‍ത്ഥികളാണ് നിലവില്‍ ടിങ്കര്‍ഹബ് ശൃംഖലയുടെ ഭാഗമായുള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക് മെന്റര്‍ഷിപ്പും, മികച്ച പഠനാനുഭവങ്ങളും നല്‍കിക്കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി നേതൃത്വ മുന്നേറ്റങ്ങളില്‍ ഒന്നായി ടിങ്കര്‍ഹബ് മാറിക്കഴിഞ്ഞു