KERALA

രാഷ്ട്രീയ നേതാക്കളുടെ സ്വഭാവശുദ്ധി ജനം വിലയിരുത്തും; രാഹുലിനെതിരായ ആരോപണങ്ങള്‍ ഗൗരവതരം; തുറന്നടിച്ച് ടി.എന്‍. പ്രതാപന്‍

വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും അവര്‍ കളങ്കരഹിതരാകണമെന്നും ടി.എന്‍. പ്രതാപന്‍.

Author : ന്യൂസ് ഡെസ്ക്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തുറന്നടിച്ച് ടി.എന്‍. പ്രതാപന്‍. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് മാതൃകയാവണമെന്ന് ടി.എന്‍. പ്രതാപന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണ്. അത് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഒരു സ്റ്റാന്‍ഡ് ഉണ്ടെന്നും ടി.എന്‍. പ്രതാപന്‍ പറഞ്ഞു.

ഏത് പ്രസ്ഥാനത്തിലായാലും പൊതു പ്രവര്‍ത്തകര്‍ മാതൃകയാകേണ്ടവര്‍. രാഷ്ട്രീയ നേതാക്കളുടെ സ്വഭാവശുദ്ധി ജനങ്ങള്‍ വിലയിരുത്തും, വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തനത്തിലും അവര്‍ കളങ്കരഹിതരാകണമെന്നും ടി.എന്‍. പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ മാങ്കൂട്ടിത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുന്നതിനായി കെപിസിസിയില്‍ സമ്മര്‍ദ്ദമുണ്ട്. എന്നാല്‍ രാജിവെച്ച് ഒഴിയില്ലെന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജിവെക്കാന്‍ പാര്‍ട്ടിയില്‍ നിന്നോ നേതാക്കളില്‍ നിന്നോ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നാണ് രാഹുലിന്റെ ഭാഗം.

എന്നാല്‍, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി കെപിസിസി നേതൃത്വത്തില്‍ സമ്മര്‍ദം മുറുകുകയാണ്. നിയമസഭാ സമ്മേളനത്തിന് മുമ്പ് രാജിവയ്പ്പിക്കണമെന്നാണ് ആവശ്യം. ഇക്കാര്യത്തില്‍ കീഴ്വഴക്കം നോക്കേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ രാഹുല്‍ സഭാ സമ്മേളനത്തിന് എത്തിയാല്‍ സര്‍ക്കാര്‍ വിരുദ്ധ ആക്രമണത്തിന്റെ മുനയൊടിയും എന്നാണ് പൊതുവികാരം.

അതേസമയം, രാഹുലിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന സമീപനമാണ് എഐസിസി സ്വീകരിച്ചിട്ടുള്ളത്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്നും പിന്നെങ്ങനെ നടപടിയെടുക്കുമെന്നുമാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി പറഞ്ഞത്. ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ രാഹുലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് പാര്‍ട്ടി നീക്കിയിട്ടില്ലെന്നും സ്വന്തം നിലപാട് വ്യക്തമാക്കിയാണ് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം ഒഴിഞ്ഞത് ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. അന്വേഷണത്തിന് ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടില്ലെന്നും എംഎല്‍എ സ്ഥാനത്ത് നിന്നും മാറി നില്‍ക്കേണ്ടതില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി അറിയിച്ചു.

രാഹുലിന് എതിരെ തുടര്‍ നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സൂചന നല്‍കിയപ്പോള്‍ പാലക്കാട് എംഎല്‍എയെ സംരക്ഷിക്കുന്ന പ്രതികരണമാണ് ഷാഫി പറമ്പില്‍ എംപിയുടെ ഭാഗത്തുനിന്നുണ്ടായത്. വിഷയം സിപിഐഎമ്മിലേക്ക് വഴിതിരിച്ചുവിടാനാണ് ഇരു നേതാക്കളും ശ്രമിച്ചത്. ആരോപണ വിധേയരെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. ആരോപണവിധേയരായ എത്ര പേര്‍ ഭരണപക്ഷ എംഎല്‍എമാര്‍ രാജിവച്ചുവെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

പരാതിയോ എഫ്‌ഐആറോ ഇല്ലാതെ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞത് ധാര്‍മികത ഉയര്‍ത്തിയാണെന്നായിരുന്നു വടകര എംപി ഷാഫി പറമ്പിലിന്റെ പ്രതികരണം. നിയമപരമായി പരാതി ഉയര്‍ന്നുവരുന്നതിന് മുന്‍പ് തന്നെ സ്ഥാനമൊഴിഞ്ഞു. രാഹുലിനെ പിന്തുണച്ചും സര്‍ക്കാരിനെ ആക്രമിച്ചും സംസാരിച്ച ഷാഫി പറമ്പില്‍ സിപിഐഎമ്മിന് രാജി ആവശ്യപ്പെടാനുള്ള ധാര്‍മികതയില്ലെന്നും പറഞ്ഞു.

SCROLL FOR NEXT