KERALA

'എഫ്ഐആര്‍ ഇട്ട് അന്വേഷിക്കണം'; പിണറായിക്കും റിയാസിനും കുരുക്ക്; ഹൈക്കോടതിയില്‍ ജയിച്ചത് ഇഡി, സര്‍ക്കാരിന് തിരിച്ചടി

പ്രാഥമിക അന്വേഷണം നടത്തിയശേഷം, എഫ്ഐആര്‍ ഇടാം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം

Author : ന്യൂസ് ഡെസ്ക്

സിഎംആർഎൽ എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മന്ത്രി മുഹമ്മദ് റിയാസിനും തിരിച്ചടി. ഇരുവർക്കുമെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്. ഇഡി ശുപാര്‍ശയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെയും തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രാഥമിക അന്വേഷണം നടത്തിയശേഷം, എഫ്ഐആര്‍ ഇടാം എന്നായിരുന്നു സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ്, എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഇഡി ശുപാര്‍ശയില്‍ കേസെടുക്കാന്‍ വൈകുന്നതിനെതിരെ പൊതുപ്രവർത്തകൻ കെ.എം. ഷാജഹാനാണ് ഹര്‍ജി നല്‍കിയത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി കൈമാറിയിട്ടും എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമവിരുദ്ധമാണ്. ഇതിനു പിന്നിൽ ഒത്തുകളിയുണ്ട്. ഇഡിയുടെ റിപ്പോർട്ടിലും കൈമാറിയ തെളിവുകളിലും പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യേണ്ടതായിരുന്നുവെന്നും ഹർജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഇപ്പോള്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്.

പ്രാഥമിക അന്വേഷണം നടത്തിയശേഷം എഫ്ഐആര്‍ ഇടാം എന്ന സര്‍ക്കാര്‍ തീരുമാനത്തിനും കോടതിയില്‍ തിരിച്ചടി നേരിട്ടു. കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയത്. അതിന്മേല്‍ വീണ്ടും പ്രാഥമിക പരിശോധന എന്തിനാണ്. പ്രാഥമിക അന്വേഷണം നടത്താനുള്ള സമയപരിധി പോലും കഴിഞ്ഞെന്നും ഇഡി കോടതിയിൽ ഉന്നയിച്ചിരുന്നു. എന്നാൽ, ഡയറിക്കുറിപ്പിന്റെ മാത്രം പിന്‍ബലത്തില്‍ അഴിമതി കേസ് എടുക്കാനാവില്ലെന്ന കാര്യം സർക്കാർ കോടതിയെ അറിയിച്ചു. മൊഴി ഉള്‍പ്പെടെ വിവരങ്ങൾ തെളിവായുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

SCROLL FOR NEXT