KERALA

"സഹ്യസാനു ശ്രുതി ചേര്‍ത്തുവെച്ച മണിവീണയാണെൻ്റെ കേരളം"; പ്രതീക്ഷയുടെ പച്ചത്തുരുത്തിന് ഇന്ന് അറുപ്പത്തി ഒൻപതിൻ്റെ ചെറുപ്പം

വികസന നേട്ടങ്ങളുടെ സമൂഹമെന്ന നിലയിൽ അഭിമാനത്തോടെയും പുതിയ പ്രതീക്ഷകളോടും കൂടിയാണ് മലയാളികൾ കേരളപ്പിറവിയെ വരവേൽക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ഐക്യ കേരളപ്പിറവിക്ക് ഇന്ന് 69 വയസ്. വികസന നേട്ടങ്ങളുടെ സമൂഹമെന്ന നിലയിൽ അഭിമാനത്തോടെയും പുതിയ പ്രതീക്ഷകളോടും കൂടിയാണ് മലയാളികൾ കേരളപ്പിറവിയെ വരവേൽക്കുന്നത്. വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരള സംസ്ഥാനം രൂപീകൃതമാവുന്നത് 1956 നവംബർ ഒന്നിനാണ്. തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങൾ കൂട്ടിച്ചേര്‍ത്തു കൊണ്ടാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. തുടർന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടു. എന്നാൽ മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു അപ്പോഴും മലബാര്‍. പിന്നീട് 1956 നവംബർ 1ന് സംസ്ഥാന പുനഃസംഘടനാ നിയമ പ്രകാരം, മലബാറും ദക്ഷിണ കാനറയിലെ കാസർ​ഗോഡും തിരുവിതാംകൂർ കൊച്ചിയുമായി ലയിപ്പിച്ചാണ് കേരളം എന്ന സംസ്ഥാനം രൂപികരിച്ചത്.

കേരളത്തിന്റെ ജന്മ ദിനം എന്ന അർത്ഥത്തിലാണ് ഈ ദിവസം ആഘോഷിക്കുന്നത്. മലയാള നാടിന് കേരളം എന്ന പേര് ലഭിച്ചതിനു പിന്നിലും നിരവധി കഥകളുണ്ട്. തെങ്ങുകള്‍ ധാരാളമായി കാണുന്നതു കൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

SCROLL FOR NEXT