KERALA

കഥയുടെ നാലുകെട്ട് തുറന്നു തന്ന എം.ടിയുടെ ഓർമ്മകൾക്ക് ഇന്ന് ഒരു വയസ്

പുസ്തകശാലകളിൽ എം.ടിയുടെ രണ്ടാമൂഴത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ക്രിസ്തുമസ് നാളിലാണ് മലയാളിയുടെ പ്രിയപ്പെട്ട എം.ടി. ഓർമ്മയായത്. സാഹിത്യലോകത്തെ ഏത് കാലവും മഞ്ഞും അതിജീവിക്കാൻ ശേഷിയുള്ള കഥയുടെ നാല്കെട്ട് പണിത എം.ടിയുടെ കൃതികൾക്ക് ഇന്നും വായനക്കാർ ഏറെയുണ്ട്. പുസ്തകശാലകളിൽ എം.ടിയുടെ രണ്ടാമൂഴത്തിനാണ് ആവശ്യക്കാർ ഏറെയുള്ളത്.

കാലത്തിൻ്റെ മറുകര തേടുന്ന മനുഷ്യൻ്റെ ജീവിതേതിഹാസമായ ‘കാലം‘, സാധാരണ ലോകം പടിയടച്ച് പുറത്താക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴുത്തുകാരൻ്റെ തിരുവെഴുത്ത് ’കുട്ട്യേടത്തി‘, തലമുറകളിലൂടെ ദീർഘമാവുന്ന ഹൃദയ നൊമ്പരങ്ങളുടെ പാരമ്പര്യം അവകാശമായിട്ടുള്ള ’ഓളവും തീരവും ‘, അവ്യക്തതയിലെ വ്യക്തതയും അപൂർണതയിലെ പൂർണതയുമുള്ള ഭാവഗാനം ’മഞ്ഞ്‘ അങ്ങനെ ഓരോ വായനയിലും ചിന്തയുടെ പുത്തൻ ഏടുകൾ തുറന്ന് കാലാതീതമായി നിലകൊള്ളുകയാണ് എം.ടിയുടെ എഴുത്തുകൾ. തലമുറ വ്യത്യാസമില്ലാതെ ഇന്നും വായനക്കാർക്ക് പ്രിയം രണ്ടാമൂഴം എന്ന ഇതിഹാസം തന്നെ. കാലത്തിൻ്റെ കഥാകാരൻ വിട പറഞ്ഞ ഇതേ ഡിസംബർ മാസത്തിലാണ് 41 വർഷങ്ങൾക്ക് മുൻപ് രണ്ടാമൂഴത്തിൻ്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത്.

എം.ടിക്ക്‌ ഗുരു തുല്യനായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീർ. ശരീരം അല്പം മെലിഞ്ഞ എം.ടിയെ നൂലൻ എന്ന് വിളിച്ചിരുന്ന ബഷീർ. എം.ടിയും പിതാവും തമ്മിലുണ്ടായിരുന്ന ആത്മബന്ധം ഓർത്തെടുക്കുന്നതിനിടെ നാലുകെട്ട്, കാലം, മഞ്ഞ് ഇവയാണ് തൻ്റെ പ്രിയപ്പെട്ട എം.ടി. എഴുത്തുകൾ എന്ന് വൈക്കം മുഹമ്മദ്‌ ബഷീറിൻ്റെ മകൾ ഷാഹിന പറഞ്ഞു.

എം.ടി എന്ന രണ്ടക്ഷരം ഒരു കടലാണ്. മലയാള സാഹിത്യലോകത്ത് ഒരുപാടു തിരയിളക്കങ്ങളുണ്ടാക്കിയ കടൽ. മൗനം വാചാലമാക്കി എം.ടി മലയാളത്തെ വായിക്കാൻ പഠിപ്പിച്ചു. വള്ളുവനാടൻ മിത്തുകളും ശൈലികളും വായനക്കാർക്ക് കടം തന്ന കഥാകാരൻ. സാഹിത്യലോകത്ത് വീശിയടിച്ച പാലക്കാടൻ കാറ്റായിരുന്നു ഓരോ എം.ടി കഥകളും. കരിമ്പനകളെപ്പോലും കടപുഴക്കിയെറിയാൻ ശേഷിയുള്ള കാറ്റ്. ആ കാറ്റിന്റെ അലയൊലി മലയാളമുള്ള കാലത്തോളം അണയില്ല.

SCROLL FOR NEXT