KERALA

മലയാളികളുടെ നോവായി അര്‍ജുന്‍; ഷിരൂർ ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് ഷിരൂരിൽ കുന്നിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സമാനതകളില്ലാത്ത രക്ഷാപ്രവർത്തനവും തിരച്ചിലും നടന്ന കർണാടകയിലെ ഷിരൂർ ദുരന്തത്തിന് ഇന്ന് രണ്ടു വർഷം. കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ അടക്കം 11 പേരാണ് ഷിരൂരിൽ കുന്നിടിഞ്ഞുണ്ടായ ദുരന്തത്തിൽ മരിച്ചത്. പ്രദേശത്ത് നിർത്തിയിട്ട ലോറിയും ഡ്രൈവർ അർജുനെയും കാണാതായതിനെ തുടർന്ന് തിരച്ചിൽ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കേരളം ഇടപെട്ടതോടെയാണ് തിരച്ചിൽ ദേശീയ ശ്രദ്ധയിലേക്ക് വന്നത്.

മൂന്ന് ഘട്ടങ്ങളിലായി 72 ദിവസത്തെ രക്ഷാദൗത്യമായിരുന്നു ഷിരൂരിൽ അരങ്ങേറിയത്.‌ മൂന്നാം ഘട്ടത്തിൽ ഡ്രഡ്ജർ എത്തിച്ച് നടത്തിയ തിരച്ചിലിലാണ് അർജുനെ കണ്ടെത്തിയത്. ഗംഗാവാലിപ്പുഴയുടെ അടിത്തട്ടിൽ നിന്നും അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഡ്രഡ്ജർ ഉപയോഗിച്ച് ഉയർത്തിയെടുക്കുകയായിരുന്നു. അർജുനെക്കുറിച്ച് അമ്മ ഷീല എഴുതിയ 'അർജുൻ എന്റെ മകൻ' എന്ന പുസ്തകം കഴിഞ്ഞ മാസം പ്രകാശനം ചെയ്തിരുന്നു.

അതിശക്തമായ മഴയില്‍ കേരള കര്‍ണാടക ദേശീയപാതയില്‍ മണ്ണിടിഞ്ഞു. ചിലര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. ഇത്രമാത്രമായിരുന്നു ആദ്യം പുറം ലോകമറിഞ്ഞ വാര്‍ത്ത. രണ്ട് ദിവസത്തിന് ശേഷമാണ് കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറി അപകടത്തില്‍പ്പെട്ടതായും ഫോണ്‍ റിങ്ങ് ചെയ്യുന്നതായും കുടുംബം വെളിപ്പെടുത്തിയത്. പിന്നാലെ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍ കര്‍ണാടക മന്ത്രിമാരെ ബന്ധപ്പെടുകയും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്തു. പിന്നാലെ മാധ്യമങ്ങളെല്ലാം ഷിരൂരിലേക്ക്. നമ്മളിൽ ഒരാൾക്കു വേണ്ടി കേരള ജനത ഒറ്റക്കെട്ടായി നിന്നു. പിന്നാലെ ഗംഗാവലി പുഴയില്‍ കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ്.

അര്‍ജുന്റെ ഫോണ്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ചായി രക്ഷാപ്രവര്‍ത്തനം. സിഗ്‌നലിന്റെ അടിസ്ഥാനത്തില്‍ റോഡിനോട് ചേര്‍ന്നുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് തുടങ്ങി. എന്നാല്‍ ലോറി കണ്ടെത്താനായില്ല. ഒടുവില്‍ കേന്ദ്രസേനയുടെ സഹായത്തോടെ റോഡിലും ഗംഗാവലി പുഴയിലും ഒരേസമയം പരിശോധന. മഴ ശക്തമായി തുടര്‍ന്നതോടെ ജലനിരപ്പ് ഉയര്‍ന്നു. പുഴ കുത്തിയൊലിച്ച് ഒഴുകി. നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ക്ക് പോലും പുഴയിലിറങ്ങാനാകാത്ത സാഹചര്യം. പിന്നാലെ ഈശ്വര്‍ മാല്‍പ്പെയുടെ രംഗപ്രവേശം. പുഴയില്‍ നിന്നും മണ്ണ് നീക്കാനായി എര്‍ത്ത് മൂവിംഗ് മെഷീനും അപകടസ്ഥലത്ത് എത്തിച്ചു. ഇത് നിര്‍ണായകമായി. കാണാതായ ലക്ഷ്മണയുടെ കടയുടെ ഭാഗങ്ങളും അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന കയറുകളും കണ്ടെത്തി. നിര്‍ണായക പരിശോധനയ്ക്കായി റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രപാല്‍ ദുരന്ത സ്ഥലത്തെത്തി. പിന്നീട് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനകള്‍.

നാവികസേനയുടെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്‌കാനിംഗിലൂടെ ഗംഗാവലി നദിയില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തി. ലോറി അര്‍ജുന്റേതെന്ന് കര്‍ണാടക റവന്യൂ മന്ത്രി സ്ഥിരീകരിച്ചു. പിന്നീട് പുഴയില്‍ മാത്രം കേന്ദ്രീകരിച്ചുള്ള പരിശോധനയായിരുന്നു. ഓരോ ദിവസവും മഴയുടെ ശക്തി വര്‍ധിച്ചതോടെ പതിനാലാം നാള്‍ രക്ഷാ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവച്ചു. മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് ഷിരൂരില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചു. ഒപ്പം മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഇടതുപക്ഷ എംഎല്‍എമാരും സ്ഥലത്ത് ക്യാമ്പ് ചെയ്തു. ദിവസങ്ങള്‍ക്ക് ശേഷം മഴ കുറഞ്ഞതോടെ വീണ്ടും തിരച്ചില്‍ പുനരാരംഭിച്ചു. എന്നാല്‍ പുഴയുടെ നടുഭാഗത്തെ മണ്ണ് നീക്കാനായില്ല നാല് ദിവസം മാത്രം നീണ്ടു നിന്ന രക്ഷാദൗത്യത്തിന്റെ രണ്ടാം ഘട്ടവും അവസാനിപ്പിച്ചു.

കര്‍ണാടക സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കാനൊരുങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടിടപെടുകയും കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നാലെ നിര്‍ണായകമായ രക്ഷാ ദൗത്യത്തിന്റെ മൂന്നാം ഘട്ടം. പല പ്രതിസന്ധികള്‍ക്കുമൊടുവില്‍ എഴുപത്തിരണ്ടാം നാള്‍ രാവിലെ ലോറി കണ്ടെത്തി. ഒഴുകിക്കൊണ്ടിരുന്ന ലോറി ഹുക്ക് ചെയ്ത് ഉറപ്പിച്ചു. ഉച്ചയ്ക്ക് 3 മണിയോടെ ക്രയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തുകയും അര്‍ജുന്റെ മൃതദേഹം ലോറിക്കുള്ളില്‍ കണ്ടെത്തുകയും ചെയ്തു. രണ്ട് മാസത്തിലേറെ നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഒടുവില്‍ ഡിഎൻഎ പരിശോധനയില്‍ മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിക്കുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം ഷിരൂര്‍ മുതല്‍ കോഴിക്കോട്ടെ വീടുവരെയുള്ള പല സ്ഥലങ്ങളിലും പൊതുദര്‍ശനത്തിന് വച്ചു. വികാര നിര്‍ഭരമായ നിമിഷങ്ങള്‍ക്കൊടുവിലാണ് വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചത്. അര്‍ജുനെ കണ്ടെത്തിയതിന് പിന്നാലെ രക്ഷാദൗത്യം കര്‍ണാടക സര്‍ക്കാര്‍ പൂര്‍ണമായി അവസാനിപ്പിച്ചു. വര്‍ഷം രണ്ട് കഴിഞ്ഞെങ്കിലും ലോകത്തുള്ള മുഴുവന്‍ മലയാളികളുടെ മനസിലും അര്‍ജുന്‍ ഒരു നോവായി അവശേഷിക്കുന്നു. ഒപ്പം എവിടെയോ നഷ്ടപ്പെട്ടു പോകുമായിരുന്നു അര്‍ജുനെ മലയാളിയെന്ന ഐക്യബോധത്തില്‍ വീണ്ടെടുത്തുവെന്ന ആശ്വാസവും.

SCROLL FOR NEXT