KERALA

EXCLUSIVE | ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത് 4,126 പേർ; വിശദാംശങ്ങൾ ന്യൂസ് മലയാളത്തിന്

4,126 പേരാണ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ പുറത്തുവിട്ട് ന്യൂസ് മലയാളം. സംഗമത്തിൽ 4,126 പേരാണ് പങ്കെടുത്തത്. 13 സംസ്ഥാനങ്ങളിൽ നിന്ന് 2125 പേരും, 14 വിദേശരാജ്യങ്ങളിൽ നിന്ന് 182 പേരും പങ്കെടുത്തു. കേരളത്തിൽ നിന്ന് 1,819 പേർ സംഗമത്തിൽ പങ്കെടുക്കാനെത്തിയെന്നുമാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്തത്. ആത്മീയതയുടെ കേന്ദ്രമായ ശബരിമല എല്ലാവർക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയമാണ്. ആ നിലക്ക് ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റിയതിൽ സന്തോഷമുണ്ട് എന്നായിരുന്നു മുഖ്യമന്ത്രി ഉദ്ഘാടനവേളയിൽ പറഞ്ഞത്.

പരിസ്ഥിതിക്ക് ദോഷം ഉണ്ടാക്കാതെയുള്ള വികസനവും ആയാസരഹിതമായ തീർഥാടനവുമാണ് അയ്യപ്പ സം​ഗമം കൊണ്ട് ലക്ഷ്യമിടുന്നത്. ഇപ്പോൾ എന്തിനാണ് സംഗമം എന്ന ചോദ്യത്തിന് മാറുന്ന കാലത്തിനനുസരിച്ച് ഉയർന്ന് ചിന്തിക്കണം എന്നതാണ് സർ‍ക്കാരിൻ്റെ മറുപടിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് സമൂഹത്തിൻ്റെ വിവിധ കോണിൽ നിന്നും കടുത്ത എതിർപ്പാണ് ഉയർന്നുവന്നത്. പരിപാടി നടത്തുന്നതിനെതിരെ നിരവധി പരാതിക്കാർ ഹർജിയുമായി കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി സംഗമം നടത്തുന്നതിന് അനുമതി നൽകിയതോടെ പരാതിക്കാർ സുപ്രീം കോടതിയെയും സമീപിപ്പിരുന്നു. എന്നാൽ സുപ്രീം കോടതിയിൽ നിന്നും അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നു. പരിപാടി നടത്തുന്നതിന് ആവശ്യമായ നിർദേശങ്ങൾ ഹൈക്കോടതി നൽകിയിട്ടുണ്ട് എന്നും, അതനുസരിച്ച് മുന്നോട്ട് പോകാമെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുകയായിരുന്നു.

SCROLL FOR NEXT