KERALA

ടൂറിസ്റ്റ് ബസുടമകൾക്ക് ഹാപ്പി ന്യൂസ്!; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

ടൂറിസ്റ്റ് ബസ് ഉടമകള്‍ ഏറെ നാളായി ഉന്നയിച്ച ആവശ്യമാണ് നടപ്പിലായത്

Author : ന്യൂസ് ഡെസ്ക്

എറണാകുളം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതിയാണ് ഇതിന് അംഗീകാരം നല്‍കിയത്. 2022ലെ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം നടപ്പിലാക്കിയത്.

അതേസമയം, നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ അടക്കമുള്ളവ പതിപ്പിക്കാന്‍ പാടില്ല. ഇക്കാര്യത്തിൽ കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍ അടക്കം ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ബസ് ഉടമകള്‍ ഏറെ നാളായി ഉന്നയിച്ച ആവശ്യമാണ് ഇപ്പോൾ നടപ്പിലായത്. വെള്ള നിറം നിർബന്ധമാക്കിയത് കാരണം സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. ബസ് ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ച് നിറംമാറ്റം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പിന്നാലെയാണ് മുൻ ഉത്തരവ് പിൻവലിച്ചത്.

SCROLL FOR NEXT