കെ.കെ. രമ Source: News Malayalam 24x7
KERALA

ടിപി കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുത്; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി കെ.കെ. രമ

12 വര്‍ഷത്തിനിടെ ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് 1000 ദിവസത്തിലധികം പരോള്‍ ലഭിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ട് എംഎല്‍എ കെ.കെ. രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ടിപി വധക്കേസിലെ പ്രതികള്‍ക്ക് അസാധാരണമായ ഇളവുകള്‍ ലഭിക്കുന്നുവെന്നും ഇത് സിസ്റ്റത്തിന്റെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്നതാണെന്നും കെ.കെ. രമ സത്യവാങ്മൂലത്തില്‍ പറയുന്നു.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ ടിപി കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് 1000 ദിവസത്തിലധികം പരോള്‍ ലഭിച്ചുവെന്നും കെ.കെ. രമ പറഞ്ഞു. ഭരണകക്ഷിയില്‍പ്പെട്ട ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം കെ. കെ. രമ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ ജ്യാമാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സത്യവാങ്മൂലം നല്‍കാന്‍ കെ. കെ. രമയ്ക്ക് സാവകാശം നല്‍കുകയായിരുന്നു.

ജാമ്യാപേക്ഷയെ എതിര്‍ക്കാനുള്ള ചുമതല സര്‍ക്കാരിന്റെ ചുമലില്‍ വയ്ക്കരുതെന്നും കോടതി പറഞ്ഞു. ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റുകയും ചെയ്തിരുന്നു.

SCROLL FOR NEXT