കോഴിക്കോട്: പേരാമ്പ്രയിൽ എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കും. മണ്ഡലം നിലനിർത്താൻ ടി.പി. രാമകൃഷ്ണൻ തന്നെ സ്ഥാനാർഥിയാകണമെന്ന് വിലയിരുത്തൽ. നാലാം തവണയാണ് ടി.പി. പേരാമ്പ്രയിൽ നിന്നും ജനവിധി തേടുന്നത്. എന്നാൽ, കേരള കോൺഗ്രസ് എമ്മിന് മറ്റൊരു സീറ്റ് നൽകാനും എൽഡിഎഫിൽ ആലോചന നടക്കുന്നുണ്ട്.
മണ്ഡലം രൂപീകൃതമായ കാലം തൊട്ട് സിപിഐഎമ്മിൻ്റെ കോട്ടയായി നിലനിൽക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. 2016 മുതൽ ടി.പി. രാമകൃഷ്ണനാണ് പേരാമ്പ്ര എംഎൽഎ. 2001ലും പേരാമ്പ്രയിൽ നിന്ന് ജയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കാര്യമായ തിരിച്ചടി പേരാമ്പ്ര പഞ്ചായത്തിൽ ഉൾപ്പെടെ സിപിഐഎമ്മിന് നേരിടേണ്ടി വന്നിരുന്നു. പേരാമ്പ്രയിലും സമീപത്തുള്ള നാല് പഞ്ചായത്തുകളിലും വർഷങ്ങൾക്ക് ശേഷം എൽഡിഎഫിന് ഭരണം കൈവിട്ട് പോകുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. അത്തരം സാഹചര്യം കണക്കിലെടുത്ത് മണ്ഡലത്തിൽ ഏറ്റവുമധികം വിജയസാധ്യതയുള്ളത് ടി.പി. രാമകൃഷ്ണന് തന്നെയാണെന്ന വിലയിരുത്തലിനെ തുടർന്നാണ് സിപിഐഎം വീണ്ടും ടി.പി. തന്നെ മത്സരിക്കണമെന്ന തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്.
ആദ്യഘട്ടത്തിൽ അനാരോഗ്യത്തെ തുടർന്ന് മത്സരിക്കാനില്ലെന്ന് ടി.പി. രാമകൃഷ്ണൻ നേതൃത്വത്തെ അറിയിച്ചിരുന്നു. പിന്നീട് നടന്ന കൂടിയാലോചനകൾക്ക് ശേഷമാണ് മത്സരിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയിട്ടുള്ളത്.
കേരള കോൺഗ്രസ് എം കുറ്റ്യാടിയ്ക്ക് പകരം പേരാമ്പ്ര ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ടി.പി. തന്നെ മത്സരിക്കുന്ന സാഹചര്യത്തിൽ കേരള കോൺഗ്രസ് എമ്മിന് മലബാറിൽ തന്നെ മറ്റൊരു സീറ്റ് നൽകാനും ആലോചന നടക്കുന്നുണ്ട്.