കൊല്ലം കൊട്ടാരക്കരയില്‍ ട്രാൻസ്ജെൻഡർ-പൊലീസ് സംഘർഷം. സംഭവത്തില്‍ 20 ട്രാൻസ്ജെൻഡേഴ്സിനെ റിമാൻഡ് ചെയ്തു. സംഘർഷത്തിൽ കൊട്ടാരക്കര സിഐക്കും വനിതാ സിപിഒമാരുള്‍പ്പെടെ 12 പൊലീസുകാർക്കും ഒരു ട്രാൻസ്ജെൻഡറിനും പരിക്കേറ്റു.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. നാല് വര്‍ഷം മുമ്പ് കൊട്ടാരക്കരയിലുണ്ടായ സംഘര്‍ഷത്തില്‍ ഭിന്നലിംഗക്കാരായ ആറുപേര്‍ക്കെതിരെ കേസെടുത്തിരുന്നു. പ്രതികള്‍ക്ക് സമന്‍സുകള്‍ വന്നതോടെ കേസുകള്‍ റദ്ദാക്കണമെന്നും കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ടാണ് ട്രാന്‍സ്‌ജെന്റേഴ്‌സ് കഴിഞ്ഞ ദിവസം എസ്‌പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ഗാന്ധിമുക്കില്‍ റോഡ് ഉപരോധിച്ചു. ഉപരോധിക്കുന്നതിന് ഇടയിലൂടെ കടന്നു പോകാന്‍ ശ്രമിച്ച ബൈക്ക് യാത്രക്കാരൻ സമരക്കാരെ പരിഹസിച്ചു. സമരക്കാരില്‍ ചിലര്‍ ഇയാളെ അക്രമിക്കാന്‍ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.
സോഡാകുപ്പി കൊണ്ടുള്ള ഏറിലാണ് സിഐയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. പിങ്ക് പൊലീസിലെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ആര്യയ്ക്കും തലയ്ക്കാണ് പരിക്ക്. പരിക്കേറ്റ സിപിഒമാരായ അനീസ്, അബി സലാം എന്നിവർ കൊട്ടാരക്കര താലൂക് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു ട്രാൻസ്‌ജൻഡറിനും പരിക്കേറ്റു. സംഭവത്തിൽ ട്രാൻസ്ജെൻഡേഴ്സ് ഇതുവരെ പ്രതികരിച്ചിട്ടില്ല.