KERALA

അയ്യപ്പഭക്തരുടെ ശ്രദ്ധയ്ക്ക്! വെർച്വൽ ക്യൂ ഫീസ് ഇരട്ടിയാക്കാൻ ധാരണ; ഹൈക്കോടതിയുടെ അനുമതി തേടും

പമ്പയിലെ ശുചിമുറികൾ ഭക്തർക്ക് പൂർണമായും സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് ബുക്കിങ് തുക ഉയർത്തുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിരക്ക് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ധാരണ. നിലവിലുള്ള അഞ്ച് രൂപ ബുക്കിങ് ഫീസ് 10 രൂപയാക്കി ഉയർത്താനാണ് ബോർഡ് യോഗത്തിൽ പ്രാഥമിക ധാരണയായിരിക്കുന്നത്. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറികൾ ഭക്തർക്ക് പൂർണമായും സൗജന്യമായി ഉപയോഗിക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താനാണ് ബുക്കിങ് തുക ഉയർത്തുന്നതെന്നാണ് ദേവസ്വം ബോർഡിന്റെ വിശദീകരണം. നിരക്ക് വർധന നിലവിൽ വരുന്നതോടെ ഭക്തർക്ക് പമ്പയിൽ പണം നൽകാതെ തന്നെ ശുചിമുറി സൗകര്യം പ്രയോജനപ്പെടുത്താനാകും.

വെർച്വൽ ക്യൂ നിരക്ക് കൂട്ടുന്നത് തീർത്ഥാടകർക്കിടയിൽ പരാതിക്കിടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നെങ്കിലും, ഇത് ഭക്തർക്ക് കൂടുതൽ ഗുണകരമാകുന്ന മാറ്റമാണെന്ന നിലപാടാണ് ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ സ്വീകരിച്ചത്. ശബരിമലയിലെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ദർശനം നടത്തുന്നതിനായി ഭക്തർ മുൻകൂട്ടി ഓൺലൈനായി ബുക്ക് ചെയ്യുന്ന രീതിയാണിത്.

അതേസമയം, ശബരിമലയിൽ തുലാമാസ പൂജയോടനുബന്ധിച്ച് സന്നിധാനത്തെ മുറികൾ അതിവേഗം കൂട്ടത്തോടെ ബുക്ക് ചെയ്തുപോയ സംഭവത്തിൽ എന്തെങ്കിലും തരത്തിലുള്ള തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. ചില ട്രാവൽ ഏജൻസികൾ സംഘടിതമായി മുറികൾ ബുക്ക് ചെയ്തത് കാരണം സാധാരണക്കാരായ ഭക്തർക്ക് മുറികൾ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

SCROLL FOR NEXT