ട്രാവന്‍കൂര്‍ ടൈറ്റാനിയം  Source: Files
KERALA

ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ചുപൂട്ടലിലേക്ക്? ഉൽപാദനം പൂർണമായി നിലച്ചു; ജീവനക്കാർക്കുള്ള ക്യാൻ്റീനും നിർത്തലാക്കി

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ച് പൂട്ടലിലേക്കെന്ന് സൂചന...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം അടച്ച് പൂട്ടലിലേക്കെന്ന് സൂചന. കമ്പനിയിലെ ഉല്‍പാദനം അവസാനിപ്പിച്ചു. ജീവനക്കാര്‍ക്കുള്ള ക്യാന്‍റീന്‍ അടച്ചുപൂട്ടുകയാണെന്ന് നോട്ടീസും നൽകി. ജീവനക്കാര്‍ ഇനി മുതല്‍ വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവരണമെന്നാണ് എച്ച്ആര്‍ നോട്ടീസ്.

രാജ്യത്തെ തന്നെ അറിയപ്പെടുന്ന ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നായിരുന്നു ഒരുകാലത്ത് ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലാഭകരമായ സ്ഥാപനം അവസ്ഥയിലായിരുന്നില്ല. എൽഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഏകദേശം 1-2 വർഷത്തോളം ലാഭകരമായ രീതിയിലേക്ക് കണക്കുകൾ അവതരിപ്പിച്ചെങ്കിലും അവസാന വർഷമാകുമ്പോഴേക്കും കൈവിട്ട് പോകുന്ന മാറിയിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എച്ച്ആർ മാനേജർ തന്നെ സ്ഥാപനത്തിലെ ക്യാന്‍റീന്‍ താൽക്കാലികമായി അടച്ചുപൂട്ടുകയാണെന്ന് നോട്ടീസ് നൽകിയിരിക്കുന്നത്.

കമ്പനി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് കടന്നുപോകുന്നത് എന്നും അസംസ്കൃത വസ്തുക്കൾ വാങ്ങാൻ പോലും ഫണ്ടില്ലാത്തതിനാൽ കരാറുകാർക്കും വിതരണക്കാർക്കും ഫണ്ട് നൽകേണ്ട സാഹചര്യത്തിൽ ഈ മാസം 24 മുതൽ കമ്പനിയിലെ ഉൽപാദനം നിർത്തിവച്ചിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. ഈ മാസം 29 മുതൽ താൽക്കാലികമായി ക്യാൻ്റീൻ അടച്ചുപൂട്ടുകയാണെന്നും ജീവനക്കാർ വീട്ടിൽ നിന്നും ഭക്ഷണം കൊണ്ടുവരണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.

1946ലാണ് പൊതുമേഖലാ സ്ഥാപനമായ ട്രാവന്‍കൂര്‍ ടൈറ്റാനിയം തിരുവനന്തപുരത്ത് ആരംഭിക്കുന്നത്. പ്രധാനമായും പെയിൻ്റിലും കോസ്മെറ്റിക്സിലും റബ്ബറിലും പ്ലാസ്റ്റിക്കിലുമൊക്കെ ഉപയോഗിക്കുന്ന ടൈറ്റാനിയം ഡയോക്സൈഡാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. എന്നാൽ, മേഖല വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ വർഷങ്ങളായി നേരിടുന്നത്. ചൈനയിൽ നിന്നടക്കം കുറഞ്ഞ വിലയിൽ ടൈറ്റാനിയം ഡയോക്സൈഡ് ഇറക്കുമതി ചെയ്യുന്നതും പ്രതിസന്ധിക്ക് കാരണമായി.

SCROLL FOR NEXT